ലക്നോ: ദീപിക പദുക്കോൺ മുഖ്യകഥാപാത്രമായി എത്തുന്ന ബോളിവുഡ് സിനിമ ഛപകിന്റെ പ്രത്യേക പ്രദർശനം നടത്താനൊരുങ്ങി സമാജ്വാദി പാർട്ടി. പാർട്ടി പ്രവർത്തകർക്കായി സൗജന്യ പ്രദർശനമാണ് അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയിരിക്കുന്നത്. ദീപികയുടെ ജെഎൻയു സന്ദർശനത്തോടെ ബിജെപി ഛപക് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
സിനിമ ഹിന്ദുവിരുദ്ധമാണെന്നും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാനുമാണ് സൈബർ പ്രചാരണം. ദീപികയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ തുടർന്നാണ് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. ലക്നോവിലെ തിയറ്ററിലാണ് പ്രത്യേക പ്രദർശനം നടത്തുന്നത്.
ഛപകിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ചിത്രത്തിനു നികുതി ഒഴിവാക്കിയിരുന്നു. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ യഥാർഥ ജീവിതമാണ് ദീപിക സിനിമയിൽ അവതരിപ്പിക്കുന്നത്.
ദീപികയും സംവിധായിക മേഘ്ന ഗുൽസാറും സംയുക്തമായി നിർമിച്ച ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. ദീപിക പ്രധാന വേഷത്തിലെത്തിയ പത്മാവത് ബഹിഷ്കരിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ മുമ്പ് തീവ്രനീക്കം നടത്തിയെങ്കിലും സിനിമ വൻ ഹിറ്റായി മാറിയിരുന്നു.