ന്യൂഡൽഹി: വിദ്യാർഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ ജെഎൻയു സർവകലാശാലയിൽ. സബർമതി ഹോസ്റ്റലിൽ വിദ്യാർഥികളുടെ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം ദീപിക കാമ്പസിൽനിന്നും മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ആണ് ദീപിക ഇവിടെ എത്തിയത്.
സമരത്തിന് താരം ഐക്യദാർഡ്യം പ്രകടിപ്പിച്ചു. എന്നാൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ല. പ്രതിഷേധയോഗത്തിൽ വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും പങ്കെടുത്തിരുന്നു.
വിദ്യാർഥികൾക്കൊപ്പം ദീപിക പതിനഞ്ച് മിനിറ്റോളം ചെലവഴിച്ചു. വിദ്യാർഥി നേതാക്കൾ ചിലരുമായി താരം സംസാരിച്ചു. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർഥം രണ്ടു ദിവസമായി ദീപിക ഡൽഹിയിൽ ഉണ്ടായിരുന്നു.
മാറ്റത്തിനു വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണെന്ന് ദീപിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവജനങ്ങളെ പുറകോട്ട് വലിക്കുന്നില്ലെന്നതു സന്തോഷകരമാണ്. നമ്മൾ ഭയത്തിലല്ലെന്നതിൽ അഭിമാനം തോന്നുന്നു.
സ്വയം ആവിഷ്ക്കരിക്കാൻ നമുക്ക് കഴിയുമെന്ന് കരുതുന്നു. ആളുകൾ തെരുവിലിറങ്ങി ശബ്ദം ഉയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. കാരണം മാറ്റം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്- ദീപിക കൂട്ടിച്ചേർത്തു.