ബോളിവുഡ് താരദമ്പതികളായ ദീപിക പാദുക്കോണും രൺവീർ സിംഗും അച്ഛനും അമ്മയും ആകാനൊരുങ്ങുന്നു. ദീപിക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സെപ്റ്റംബർ 2024 എന്നു മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
നിലവിൽ മൂന്നുമാസം ഗർഭിണിയാണ് താരം. നിരവധി പേരാണ് താരദന്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ബാഫ്ത അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ ദീപിക ഗർഭിണിയാണെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇരുവരും പ്രതികരിച്ചിരുന്നില്ല.
താൻ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാൻ ആരംഭിച്ചു എന്ന് കുറച്ചു നാളുകൾക്കു മുൻപ് ദീപിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
2018ൽ ഇറ്റലിയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും ആർഭാട വിവാഹം. ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
സഞ്ജയ് ലീല ബൻസാലി ചിത്രം റാം ലീലയുടെ സെറ്റിൽ വച്ചാണ് ദീപികയും രൺവീറും ആദ്യമായി കണ്ടുമുട്ടുന്നത്. റോമിയോ ജൂലിയറ്റ് കഥയുടെ പുനഃരാവിഷ്കാരമായിരുന്നു ഈ ചിത്രം. അതിനു ശേഷം ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയ സിനിമകളിലും ഇവർ ഒന്നിച്ചെത്തി.