ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ബോളിവുഡ് നടിമാരിൽ ഒരാളാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല, ഹോളിവുഡിലും ദീപിക തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. താരപ്രഭയില്‍ നില്‍ക്കുമ്പോഴും വിഷാദരോഗത്തിന്റെ ഭൂതകാലം തനിക്ക് ഉണ്ടായിരുന്നതായി ദീപിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ വിഷാദരോഗത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന താരമാണ് ദീപിക.
സമ്മര്‍ദങ്ങളില്ലാതെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയിൽ ദീപിക പദുകോണും ഭാഗമായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയില്‍ നടക്കുന്നത്. ദീപിക പദുകോണിനെ കൂടാതെ, മേരി കോം ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. പരീക്ഷ പേ ചര്‍ച്ചയില്‍ ഡിപ്രഷനുമായുളള പോരാട്ടത്തെക്കുറിച്ചാണ് ദീപിക സംസാരിച്ചത്. തന്റെ വിഷാദ രോഗാവസ്ഥയും അതിനെ എങ്ങനെ അതിജീവിച്ചുവെന്നുമാണ് നടി വ്യക്തമാക്കിയത്.
മാനസികാരോഗ്യം മികച്ചതല്ലെങ്കില്‍ സഹായം തേടേണ്ടതിന്റെയും മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധ ധാരണകള്‍ ഇല്ലാതാക്കേണ്ടതിന്റെയും പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് ആത്മഹത്യാ പ്രവണത തോന്നിയതായും നടി പരിപാടിയില്‍ വെളിപ്പെടുത്തി.
“സ്കൂള്‍ കഴിഞ്ഞ് അധികം വൈകാതെ സ്പോര്‍ട്സിലേക്കും പിന്നീട് മോഡലിംഗിലേക്കും ഒടുവില്‍ അഭിനയത്തിലേക്കും എത്തപ്പെട്ടു. 2014 ല്‍ ഒരു ദിവസം പെട്ടെന്ന് ഞാന്‍ ബോധംകെട്ടു വീണു. കുറച്ചുദിവസങ്ങള്‍ക്കുശേഷം എനിക്ക് വിഷാദ രോഗമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിഷാദം എന്നത് അദൃശ്യമാണ്. നമുക്ക് ചുറ്റുമുളളവര്‍ ഉത്കണ്ഠയോ വിഷാദമോ അനുഭവിക്കുന്നുണ്ടാകാം.
അവര്‍ എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറുന്നതിനാല്‍ അവരുടെ വിഷാദാവസ്ഥ നാം അറിയണമെന്നില്ല. പുറമേ അവര്‍ സന്തുഷ്ടരായി കാണപ്പെടുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചതിനാല്‍ എന്റെ ബുദ്ധിമുട്ടുകള്‍ ഞാൻ ആരോടും പറഞ്ഞില്ല. എന്നാല്‍ അമ്മയുടെ സന്ദര്‍ശനത്തോടെ എല്ലാം മാറി. മാതാപിതാക്കള്‍ ബംഗളൂരുവിലേക്ക് പോകുന്ന ദിവസം ഞാന്‍ കരയാന്‍ തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് എന്റെ അമ്മ ചോദിച്ചു. എന്താണെന്ന് എനിക്കറിയില്ല. എനിക്ക് പൂര്‍ണമായും നിസഹായതയും നിരാശയും തോന്നുന്നു.
എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല എന്നൊക്കെയാണ് ഞാന്‍ മറുപടി പറഞ്ഞത്. സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്, അമ്മ വിദഗ്ധരുടെ സഹായം തേടി. അതെന്റെ ജീവിതത്തില്‍ വഴിത്തിരിവായി. എന്റെ അമ്മ അത് ശ്രദ്ധിക്കുകയും ഉടന്‍ തന്നെ മനഃശാസ്ത്രജ്ഞനെ സമീപിക്കുകയും ചെയ്തത് എന്റെ ഭാഗ്യമാണ് ”- ദീപിക വ്യക്തമാക്കി.