ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ഹിന്ദി നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂർ, സാറാ അലി ഖാന് എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി).
അന്വഷണത്തില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.
ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ദീപിക, മാനേജര്‍ കരിഷ്മ, ശ്രദ്ധ, സാറ എന്നിവര്‍ക്ക് എന്‍സിബി ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് എന്‍സിബിയുടെ വിശദീകരണം.
ദീപിക, ശ്രദ്ധ, സാറ, കരിഷ്മ എന്നിവര്‍ക്കു പുറമേ നടി രാകുല്‍ പ്രീത് സിങ്ങിനെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട സുശാന്തിന്റെ ഗേള്‍ ഫ്രണ്ട് റിയ ചക്രബര്‍ത്തി, സഹോദരന് ഷോവിക്ക്, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോളിവുഡ് താരം ദീപിക പദുക്കോണും ബിസിനസ് മാനേജർ കരീഷ്മയുമായി നടത്തിയ വാട്സ്ആപ് ചാറ്റ് നേരത്തേ പുറത്തുവന്നിരുന്നു. 2017 ഒക്ടോബർ 28ന് നടത്തിയ വാട്സ്ആപ് സ്ന്ദേശങ്ങൾ ഒരു ദേശിയ മാധ്യമമാണ് പുറത്ത് വിട്ടത്.
ഇതിൽ ദീപിക കരീഷ്മയോട് ഹാഷിഷ് ആവശ്യപ്പെടുന്നതും കഞ്ചാവ് വേണ്ടെന്ന് പറയുന്നതുമായ സന്ദേശങ്ങളുമാണുണ്ടായിരുന്നത്.
ഇതിനൊപ്പം ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂർ നടത്തിയ വാട്സ്ആപ് ചാറ്റുകളും പുറത്തായിരുന്നു.
അറസ്റ്റിലായ നടി റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയില്‍ നിന്ന് അന്വേഷണ സംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നാണ് ശ്രദ്ധയുടെ ചാറ്റ് ലഭിച്ചത്.
അതേസമയം വാട്സ്ആപ്പ് സന്ദേശങ്ങളിൽ പരാമർശിക്കുന്നത് കൈകൊണ്ട് ഉരുട്ടിയ സിഗരറ്റിനെക്കുറിച്ചായിരുന്നുവെന്നു പിന്നീടു ചോദ്യം ചെയ്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോടു (എൻസിബി) ദീപിക പദുക്കോൺ, ശ്രദ്ധാ കപൂർ, സാറാ അലിഖാൻ,രാകുൽ പ്രീത് സിംഗ് എന്നിവർ വെളിപ്പെടുത്തിയിരുന്നു.
“ഡൂബ്” എന്ന വാക്ക് ഇത്തരത്തിലുള്ള സിഗരറ്റിനെ ഉദ്ദേശിച്ചാണെന്നും ഇവർ പറഞ്ഞു.
അതേസമയം ഒരിക്കലും സിഗരറ്റ് വലിച്ചിട്ടില്ലെന്നും നടിമാർ ചോദ്യം ചെയ്യലിൽ പറഞ്ഞതായി ഒരു എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
വാട്സാപ്പ് ചാറ്റ് നടത്തിയ കാര്യം സമ്മതിച്ച ദീപികയും ശ്രദ്ധയും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ചിരുന്നു.
ചോദ്യം ചെയ്യാനായി എൻസിബിഓഫീസിലേക്ക് വിളിപ്പിച്ച ദീപിക പദുകോൺ, സാറാ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.