കോട്ടയം: മതേതര മാധ്യമധർമം മുഖമുദ്രയാക്കി അധ്വാന കർഷകരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ധീരശബ്ദമായി മാറിയ മാധ്യമമാണ് ദീപികയെന്നു രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രഫ.പി.ജെ. കുര്യൻ. ദീപിക കോട്ടയം വടവാതൂരിൽ സ്ഥാപിച്ച ആധുനിക അച്ചടിസമുച്ചയത്തിന്റെ ഉദ്ഘാടനവും ദീപികയുടെ 132-ാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുനക്കര മൈതാനത്തു നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്‍. മാണി പുതിയിടം സ്വാഗതം ആംശസിച്ച സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖപ്രസംഗം നടത്തി.
എംഎൽ എമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മംഗളം മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, രാഷ്ട്രദീപിക ലിമി റ്റഡ്് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, കെത്രിഎ ചീഫ് പേട്രണ്‍ ജോസഫ് ചാവറ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, പഞ്ചായത്തംഗം ബിജു അന്പലത്തിങ്കൽ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ടോമി തുരുത്തിക്കര, ദീപിക ഫ്രണ്ട്സ് ക്ലബ് വനിതാവിഭാഗം പ്രസിഡന്റ് സാലമ്മ ജോളി എന്നിവർ പ്രസംഗിച്ചു.
ദീപിക കർഷകപ്രതിഭാ പുരസ്കാരത്തിന് അർഹനായ ഷാജി അഗസ്റ്റിന് കെ.എം. മാണി പ്രശംസാഫലകവും കാഷ് അവാർഡും സമ്മാനിച്ചു. പ്രമുഖ വെബ് ഓഫ്സെറ്റ് പ്രസ് നിർമാതാക്കളായ മനുഗ്രാഫ് ഇൻഡസ്ട്രീസ് ലിമിറ്റഡിനുള്ള ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് പ്രതിനിധി പീറ്റർ മിയാനു നൽകി പി.ജെ. കുര്യൻ ആദരിച്ചു.
ദീപിക ഫാം ഗൈഡിന്റെ പ്രകാശനം പ്രഫ. പി.ജെ. കുര്യൻ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ.ഫ്രാൻസിസ് ക്ലീറ്റസിനു കോപ്പി നൽകി നിർവഹിച്ചു. പ്രസ് മന്ദിരം നിർമിച്ച എൻ.ജെ. തോമസിനെയും ചടങ്ങിൽ ആദരിച്ചു. ജനറൽ മാനേജർ (പ്രൊഡക്്ഷൻ) ഫാ. അഗസ്റ്റിൻ കിഴക്കയിൽ ഒസിഡി കൃതജ്ഞത രേഖപ്പെടുത്തി. വില്ലൂന്നി സെന്റ് ജോസ്ഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളും ളായിക്കാട് മേരിറാണി പബ്ലിക് സ്കൂളും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്നു ചലച്ചിത്രതാരം കോട്ടയം നസീർ നേതൃത്വം നൽകിയ മെഗാഷോയും അരങ്ങേറി.