അഭിനയത്തെ പാഷനാക്കി മാറ്റി മലയാളത്തിലും തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ് ദീപ്തി മാരേട്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുറമറ്റം മാരേട്ട് വീട്ടിലെ ദീപ്തി ഇതിനോടകം തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്.
ജനപ്രിയ ടെലിവിഷൻ പരമ്പരകളായിരുന്ന പ്രണയം, സ്വാതി നക്ഷത്രം ചോതി, ചെമ്പരത്തി, ക്ലാസ് മേറ്റ്സ്, സ്ത്രീ പദം എന്നീ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ദീപ്തി തമിഴ്-മലയാളം ചലച്ചിത്രമായ ഒരു താരം ഉദയമാകിരത് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
അജി-ഡിസ്ലി ദമ്പതികളുടെ ഇളയ മകളായ ദീപ്തിയെ കാമറയ്ക്ക് മുന്നിലെത്തിച്ചത് ടെലിവിഷൻ സിനിമ കാസ്റ്റിംഗ് ഡയരക്ടറായ ഹരി അഞ്ചലാണ്.
കുഞ്ഞുന്നാൾ മുതൽ തന്നെ അഭിനയത്തോട് താൽപ്പര്യമുള്ള ദീപ്തി പഠനത്തോടൊപ്പം തന്റെ പാഷനായ അഭിനയത്തെ കൊണ്ടു നടക്കുകയും അതു കരിയറാക്കി മാറ്റാനുള്ള ശ്രമത്തിലുമാണ്.
ഗായിക കൂടിയായ ദീപ്തിഡ്രീംസ് ഓഫ് ലൗ എന്ന ഷോർട്ട് ഫിലിമിന് കഥയും സംഗീതവും നിർവഹിച്ച് അതിൽ അഭിനയിക്കുകയും ചെയ്തു.
നർത്തകി കൂടിയായ ദീപ്തി തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ചെറുതോ വലുതോ എന്നതിലുപരി ആ കഥാപാത്രത്തെ സ്വയം സ്വീകരിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ പുതിയ ഭാവ പകർച്ചയിലൂടെ കഥാപാത്രമായി ജീവിക്കുന്നു.
കെ.കറുപ്പൻ കുട്ടി നിർമ്മിച്ച് യതീന്ദ്രദാസ് സംവിധാനം ചെയ്ത ഉൾക്കനൽ എന്ന ചിത്രത്തിലെ ദീപ്തിയുടെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു.
നടൻ സായ് കുമാറിനൊപ്പം ചെയ്ത വേഷത്തെക്കുറിച്ച് സായ്കുമാർ അഭിനന്ദിച്ചത് അഭിനയ ജീവിതത്തിലെ തുടക്കക്കാരിക്ക് കിട്ടിയ ഒരു അംഗീകാരമായി ദീപ്തി കാണുന്നു.
തലൈവാസൽ വിജയ്, കുളപ്പുള്ളി ലീല, എം.ആർ ഗോപകുമാർ എന്നിവരോടൊപ്പം ആദ്യചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതും അവരുടെ പ്രോത്സാഹനവുമെല്ലാം തനിക്കു ലഭിച്ച ഭാഗ്യമായി കരുതുകയാണ് ദീപ്തി മാരേട്ട്.