സ്ത്രീ കേന്ദ്രീകൃതമായ നീന എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് ദീപ്തി സതി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി വേഷമിട്ടു.
കന്നഡ, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു ദീപ്തി.
സിനിമയ്ക്കായി എന്തു ത്യാഗവും സഹിക്കുന്നതിന് മടിയില്ലെന്നും ദീപ്തി സതി പറയുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് താരത്തിന്റെ പുതിയ ചിത്രം.
ഇതേക്കുറിച്ച് ദീപ്തി പറയുന്നതിങ്ങനെ…ആദ്യമായി ഒരു ചരിത്രസിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. ഇതുവരെ കാണാത്ത രൂപമാണ് അതില്‍.
അതിന്റെ സന്തോഷം വളരെ വലുതാണ്. സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഇതില്‍ എത്ര പേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറുവര്‍ഷം മുന്‍പ് നീന തന്നു.
ആദ്യ സിനിമയില്‍ത്തന്നെ ടൈറ്റില്‍ കഥാപാത്രം. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പകുതി മലയാളി പെണ്ണാണ് ഞാന്‍. നീനയില്‍ അഭിനയിക്കുമ്പോള്‍ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.
ആറുവര്‍ഷത്തെ യാത്രയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. തെലുങ്ക്, കന്നട, മറാത്തി ഭാഷകളില്‍ അഭിനയിക്കാനായി. എന്നും എന്റെ സ്വപ്നമാണ് ബോളിവുഡ്.
മുംബൈയില്‍ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം. ആഗ്രഹം ഓരോ ദിവസവും വളരുന്നു. അതു സംഭവിക്കുക തന്നെ ചെയ്യും” ദീപ്തി സതി പറയുന്നു.
പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ദീപ്തിയുടെ ഈ വെളിപ്പെടുത്തല്‍.