പാലോട്: സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. നന്ദിയോട് പൗവത്തൂർ സ്മിതാ ഭവനിൽ ദീപുകൃഷ്ണൻ (36) ആണ് അറസ്റ്റിലായത്.
വീടുകളിലെത്തി അവിടെയുള്ള സ്ത്രീകളുടെ നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും യു ട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അത് ഉറപ്പു വരുത്തുന്നതിന് വന്നതാണെന്നും തെറ്റിധരിപ്പിക്കും.
തുടർന്ന് ശരീരത്തിന്റെ അളവെടുക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി ഇരയുടെ കൈയിൽ നിന്നും സമ്മതപത്രം എഴുതി വാങ്ങുകയും ചെയ്യും. ശേഷം അളവെടുക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
പോലീസുകാരെപ്പോലെ രൂപഭാവം വരുത്തി മാന്യമായ വേഷത്തിലാണ് ഇയാൾ വീടുകളിലെത്തിയിരുന്നത്. ഈമാസം നാലിന് പാലോട് സ്വദേശിനി പാലോട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു.
ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാനൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. കരമനയിലും മെഡിക്കൽ കോളജിലും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്.
വിദേശത്തും ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി. കെ. മനോജിന്റെ നേതൃത്വത്തിൽ ജിഎസ്ഐമാരായ ഭുവനചന്ദ്രൻ നായർ, അൻസാരി, ജിഎഎസ്ഐ അനിൽകുമാർ, എസ്സിപിഒ മാധവൻ, നസീറ, സിപിഒമാരായ നിസാം, ഷിബു, സുജുകുമാർ, വിനിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.