കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്.
കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ വീട്ടിലെത്തി ദീപുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദീപുവിന്റെ സ്ഥാനത്ത് നിന്ന് പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കും. മാതാപിതാക്കളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാവിധ ചെലവുകളും ആജീവനാന്തം ട്വന്റി ട്വന്റി വഹിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളെ കിട്ടിയാല്‍ അതിന്റെ പേരില്‍ പിരിവ് നടത്തുകയും വിഹിതം പറ്റുകയും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി രക്തസാക്ഷിമണ്ഡപങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യാറുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി ദീപുവിന്റെ കുടുംബത്തോടെ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീപുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു: പിതാവ്
കിഴക്കമ്പലത്ത് മരണപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി അച്ഛന് കുഞ്ഞാറു.
ഇതേതുടര്‍ന്നാണ് ദീപുവിനെ സംഭവശേഷം ശനിയാഴ്ച ആശുപത്രിയിലേക്ക് വിടാതിരുന്നത്.
ആരെയും കൊല്ലാന്‍ മടിയില്ലാത്തവരാണ് പ്രതികള്‍. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ടിരുന്നുവെന്നും പറഞ്ഞതുപോലെ അവര്‍ ചെയ്തുവെന്നും കുഞ്ഞാറു ആരോപിച്ചു.
തീവ്രവാദികളെപ്പോലെയാണ് അവരുടെ പെരുമാറ്റം. തന്റെ മകനെ കൊല്ലാന്‍ തന്നെയാണ് അവര്‍ തല്ലിയത്.
നിന്റെ അച്ഛനെയോര്‍ത്താണ് കൊല്ലാതെ വിടുന്നതെന്ന് ദീപുവിനോട് പ്രതികള്‍ പറഞ്ഞിരുന്നുവെന്നും കുഞ്ഞാറു പറഞ്ഞു.