പാറശാല: കളിയിക്കവിളയിൽ ക്വാറി ഉടമയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതകൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള അന്പിളിയുടെ വീട്ടിൽ നിന്നും ഏഴര ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ടു കൊടും കുറ്റവാളിയായ സജികുമാർ എന്നപേരിലറിയപ്പെടുന്ന ചൂഴാറ്റുകോട്ട അമ്പിളിയെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി മൊഴി നൽകിയെങ്കിലും ഒടുവിൽ കൊലപാതകം നടത്തിയെന്ന് സമ്മതിക്കുകയും പണത്തെ കുറിച്ച് അറിയില്ലെന്ന് പറയുകയും ചെയ്തു.
മാത്രമല്ല തെളിവ് ഉണ്ടാകാതിരിക്കാനാണ് കാറിൽനിന്നും ഇറങ്ങി മുടന്തി മുടന്തി നടന്നതെന്നും ബസിൽ കയറി കളിയിക്കാവിളയിൽ ഇറങ്ങിയതെന്നും മൊഴി നൽകിയിരുന്നു.എന്നാൽ അമ്പിളിയുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പണം വീട്ടിലുണ്ടന്ന് മൊഴിനൽകുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി ഏഴര ലക്ഷം രൂപ കണ്ടെടുത്തു.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ വീട്ടിൽവച്ചിട്ടാണ് അമ്പിളി വന്നത്.എന്നാൽ കളിയിക്കാവിളയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി ഉടമയുടെ ഫോൺ വാങ്ങി ദീപുവിനെ വിളിച്ചതാണ് അമ്പിളിക്ക് വിനയായതും പൊലീസിന് തുമ്പായതും. വ്യാപക പരിശോധന നടത്തുകയായിരുന്ന പൊലീസിന് മെഡിക്കൽ സ്റ്റോറുടമ തന്റെ ഫോൺ ഒരു അപരിചിതൻ വാങ്ങി വിളിച്ചെന്നും നമ്പർ മായ്ച്ചു കളഞ്ഞെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് സ്റ്റോറിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആളെ കണ്ടത്തുകയും തുടർന്ന് ഈ ദൃശ്യവുമായി ദീപുവിന്റെ ജീവനക്കാരെ കാണിക്കുകയും ചെയ്തപ്പോഴാണ് അത് അമ്പിളിയാണെന്നു പോലീസ് ഉറപ്പിച്ചത്.അതേസമയം കൊലപാതകത്തിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
അമ്പിളി അടിക്കടി മൊഴിമാറ്റുന്നത് കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയെന്നും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണം മണ്ണുമാന്തി യന്ത്ര പണിക്കാരിലേക്കും വ്യാപിച്ചതായും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.