ഋഷി
തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് നെയ്തലക്കാവിന്റെ ചെറുപൂരം നടുവിലാലിലെത്തിക്കഴിഞ്ഞ് തേക്കിൻകാട്ടിലേക്ക് കയറാൻ മേളം തുടങ്ങുന്പോൾ അത് പൂരത്തിന്റെ ചരിത്രത്തിലേക്കാണ് കൊട്ടിക്കയറുക. തൃശൂർ പൂരത്തിലെ പ്രായം കുറഞ്ഞ മേളപ്രമാണിയായിരിക്കും നെയ്തലക്കാവിന്റെ ചെറൂപൂരത്തെ വടക്കുന്നാഥ സന്നിധിയിലേക്ക് മേളം കൊട്ടിയാനയിക്കുക.
നെയ്തലക്കാവിന് സമീപം കുറ്റൂർ വടക്കൂട്ട് വീട്ടിൽ ഗിരിജവല്ലഭൻ-ബിന്ദു ദന്പതികളുടെ മകൻ ദീപുവാണ് ഈ തൃശൂർ പൂരത്തിലെ ജൂണിയർ മേള പ്രമാണി. 25 വയസാണ് ദീപുവിന്. ഇതിനുമുമ്പ് ഇത്രയും പ്രായം കുറഞ്ഞ മേളപ്രമാണി തൃശൂർ പൂരത്തിനുണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
2003ൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണ് ദീപു ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്. പാറമേക്കാവ് കലാക്ഷേത്രത്തിൽ കലാമണ്ഡലം ശിവദാസിന്റെ ശിക്ഷണത്തിലാണ് ദീപു ചെണ്ട അഭ്യസിച്ചത്. പല പൂരങ്ങൾക്കും പേരുകേട്ട മേളപ്രമാണിമാർക്കൊപ്പം ദീപു കൊട്ടിയിട്ടുണ്ട്.
ഇത്തവണ പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് സ്വന്തം തട്ടകത്തുള്ള കുട്ടിയെ എന്തുകൊണ്ട് മേളപ്രമാണിയാക്കിക്കൂടാ എന്ന് നെയ്തലക്കാവുകാർ ചിന്തിച്ചത്. പിന്നെ അതിന്റെ ചർച്ചകൾക്കും കൂടിയാലോചനകൾക്കുമൊടുവിൽ ഇത്തവണ നെയ്തലക്കാവിന്റെ മേളപ്രമാണം മ്മടെ കുട്ടിയെ ഏൽപ്പിക്കാം എന്ന് തീരുമാനമായി.
തൃശൂർ ശ്രീകേരളവർമ കോളജിനു വേണ്ടി ഡി സോണിലും ഇന്റർസോണിലുമൊക്കെ ചെണ്ടമേളം നയിച്ച കപ്പടിച്ച ചരിത്രം ദീപുവിനുണ്ട്. 2012ൽ കോഴിക്കോട് മീഞ്ചന്തയിൽ നടന്ന ഇന്റർസോണിൽ കേരളവർമയ്ക്കു വേണ്ടി ദീപുവിന്റെ നേതൃത്വത്തിലുളള ചെണ്ടമേളം ടീം കപ്പടിച്ചു. അടുത്ത വർഷം സെക്കന്റും.
ദീപു നെയ്തലക്കാവിന്റെ മേളപ്രമാണിയാകുന്നുവെന്നറിഞ്ഞ് കേരളവർമയിലെ പഴയ കൂട്ടുകാരെല്ലാം ത്രില്ലിലാണ്. നാട്ടിലുള്ളവരും അല്ലാത്തവരും ഫെയ്സ്ബുക്ക് വഴിയും വാട്സാപ്പ് വഴിയുമെല്ലാം പ്രിയകൂട്ടുകാരന് എല്ലാ ഭാവുകങ്ങളും നേരുന്നുണ്ട്.
ടെൻഷനുണ്ടോ എന്ന് ദീപുവിനോട് ചോദിച്ചപ്പോൾ ഉത്തരം ചെറുചിരിയോടെ ഇങ്ങനെ – ടെൻഷനൊന്നുമില്ല, നന്നായി കൊട്ടാമെന്ന് കോണ്ഫിഡൻസുണ്ട്…പിന്നെയെല്ലാം ദൈവാനുഗ്രഹം.
മേളകുലപതി കിഴക്കൂട്ട് അനിയൻമാരാരുടെ കൂടെയാണ് ദീപു കൂടുതൽ കൊട്ടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മേളം കൊട്ടാൻ തുടങ്ങുന്പോൾ മനസിൽ തെളിയുന്ന ഗുരുസ്ഥാനീയരിൽ കലാമണ്ഡലം ശിവദാസിനൊപ്പം കിഴക്കൂട്ട് അനിയൻമാരാരുമുണ്ടെന്ന് ദീപു പറയുന്നു.
തനിക്കൊപ്പം കൂട്ടായി നിന്ന് മേളം തീർത്ത കുട്ടി മേളപ്രമാണിയാകുന്നുവെന്ന് കേട്ടപ്പോൾ അനിയൻമാരാർക്ക് ഏറെ സന്തോഷം തോന്നിയത്രെ. നന്നാക്കണമെന്നും നന്നായി വരുമെന്നും മൂർദ്ധാവിൽ കൈവെച്ച് മനസു നിറഞ്ഞനുഗ്രഹിച്ചു. ദക്ഷിണ നൽകി അനുഗ്രഹം വാങ്ങാൻ ദീപു പൂരത്തിന് മുൻപ് വീണ്ടും അനിയൻമാരാരെ കാണാൻപോകുന്നുണ്ട്.
തൃശൂർ പൂരത്തിന് ഇതിന് മുൻപും മേളത്തിൽ ദീപു പങ്കാളിയായിട്ടുണ്ടെങ്കിലും പ്രമാണിയാകുന്ന സൗഭാഗ്യം ഇതാദ്യമാണ്. നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, ഇരിങ്ങാലക്കുട തുടങ്ങി പലയിടത്തും മേളപ്രമാണിയായും അല്ലാതെയും ദീപു തന്റെ മികവ് പ്രകടമാക്കിയിട്ടുണ്ട്.
പൂരം നാളിൽ നാദസ്വരത്തിന്റെ അകന്പടിയോടെ നെയ്തലക്കാലിമ്മ നടുവിലാലിൽ എത്തിക്കഴിഞ്ഞ് അവിടെ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറുന്പോഴാണ് മേളം തുടങ്ങുക. രാവിലെ പതിനൊന്ന് മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നീളുന്ന ആ മേളപ്പെരുക്കത്തിൽ എണ്പതോളം കലാകാരൻമാർ അണിനിരക്കും.
രാമവർമപുരം മിൽമയിൽ ജോലി ചെയ്യുന്ന അച്ഛൻ ഗിരിജവല്ലഭന്റെയും വീട്ടമ്മയായ അമ്മ ബിന്ദുവിന്റെയും സഹോദരൻ വിഷ്ണുവിന്റെയും എല്ലാ പിന്തുണയും പ്രോത്സാഹനവും പ്രാർത്ഥനയും അനുഗ്രഹവും ദീപുവിനുണ്ട്.നെയ്തലക്കാവിന്റെ മേളപ്രമാണിത്വം കഴിഞ്ഞാലുടൻ ചെണ്ടയുമായി ദീപു നേരെ തിരുവന്പാടിക്കു വേണ്ടി കൊട്ടാനെത്തുന്ന കൗതുകക്കാഴ്ചയും പൂരത്തിനുണ്ടാകും. മേളലോകത്തേക്ക് ദീപുവെന്ന ഇളമുറത്തന്പുരാനെ വരവേൽക്കാൻ മേളാസ്വാദകരും ഒരുങ്ങിക്കഴിഞ്ഞു.