സെൽഫി ഭ്രമം തലയ്ക്കു പിടിക്കുന്പോൾ പൊലിയുന്ന ജീവനുകളെ കുറിച്ചും നേരിടേണ്ടി വരുന്ന ഗുരുതര പരിക്കുകളെ കുറിച്ചുമെല്ലാം ദിനംപ്രതി വായിച്ചറിയാറുണ്ട്. ഇപ്പൊഴിത പരിക്കേറ്റ് വഴിയരികിൽ കിടന്ന ഒരു കരടിയുടെ ഒപ്പം നിന്ന് സെൽഫിയെടുക്കുവാൻ ശ്രമിച്ചയാളെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ഭീതി ജനിപ്പിക്കുന്നു. ഒഡിഷയിലെ ടാക്സി ഡ്രൈവറായ പ്രഭു ഭത്ര എന്നയാൾക്കാണ് സെൽഫി ഭ്രമം കൂടിയപ്പോൾ വിലയായി സ്വന്തം ജീവൻ തന്നെ നൽകേണ്ടി വന്നത്.
ഒരു വിവാഹസംഘത്തെയുംകൊണ്ട് പോവുമ്പോഴാണ് വഴിയരികില്‍ മുറിവേറ്റ നിലയിൽ കരടി കിടക്കുന്നത് പ്രഭു കണ്ടത്. കാറിലുള്ളവര്‍ നോക്കി നില്‍ക്കെ, പ്രഭു കാറില്‍നിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
മുറിവേറ്റ് കിടന്ന കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്. എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയും ചെയ്തു. ഒരു കുളത്തില്‍നിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി.
അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്‍റെ മുഖത്തുതന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. സംഭവം കണ്ട ആളുകള്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.
കരടിയുടെ ആക്രമണത്തില്‍ വീണുപോയ പ്രഭുവിനെ ആളുകള്‍ നോക്കിനില്‍ക്കെയാണ് അത് കടിച്ചുകൊന്നത്. കരടിയില്‍നിന്ന് പ്രഭുവിനെ രക്ഷിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലിച്ചില്ല.
കരടിയുടെ അടുത്തേക്ക് പോകരുതെന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് പ്രഭു കേട്ടിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതാണ് കരടിയെ കൂടുതല്‍ പ്രകോപിതനാക്കിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും അപ്പോഴേക്കും പ്രഭു മരിച്ചിരുന്നു. ഒടുവില്‍ വെടിവച്ച് കരടിയെ മയക്കിയതിനു ശേഷമാണ് പ്രഭുവിന്‍റെ മൃതദേഹം അവിടെ നിന്നു മാറ്റിയത്.