മേലൂർ: ഒരിടവേളയ്ക്കുശേഷം മേലൂർ പഞ്ചായത്തിൽ മാനീച്ചകളുടെ ഉപദ്രവം രൂക്ഷമായി. മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് മാനീച്ചകൾ (ഡീർ ഫ്ലൈ) വലിയ രീതിയിൽ ജനങ്ങൾക്ക് ഉപദ്രവകാരികളാകുന്നത്.
ഇതു കൂടാതെ പൂലാനി, കുറുപ്പം പ്രദേശങ്ങളിലെ വീട്ടുമതിൽ, റബർ, കവുങ്ങ്, ജാതി തുടങ്ങി മറ്റു മരങ്ങളിൽ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്ന ചുവന്ന പ്രാണികളെ നാട്ടുകാർ കണ്ടെത്തി.
ഇവ തങ്ങളെ കടിക്കുന്ന മാൻ ഈച്ചയുടെ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളാണെന്ന ആശങ്കയിലാണു നാട്ടുകാർ. ഇത്തരത്തിലുള്ള കീടങ്ങളെ പ്രദേശവാസികൾ മണ്ണെണ്ണ സ്പ്രേ ചെയ്തും കരിയിച്ച് കളഞ്ഞും നശിപ്പിക്കുകയാണ്.
“ഇവ പായലും മറ്റും ഭക്ഷിക്കാൻ എത്തുന്ന ചെറുപ്രാണികൾ മാത്രമാണ്. നിരുപദ്രവകാരികളായ പുറംതൊലി പേനായ (ബാർലൈസ്) ഷഡ്പദങ്ങളാണ് ഇവ.
മനോഹരമായ ചുവപ്പു നിറത്തിൽ കൂട്ടത്തോടെ കാണുന്ന ഈ പ്രാണികൾ മനുഷ്യരെ കടിക്കുകയോ മൃഗങ്ങളെയും കാർഷിക വിളകളെയും ഉപദ്രവിക്കുകയോ ഇല്ല.
കൂട്ടമായി കാണുന്ന ബാർ ലൈസുകളെ കണ്ട് ആശങ്ക വേണ്ട’ -മണ്ണുത്തി കാർഷിക സർവകലാശാല വാഴ ഗവേഷണ വിഭാഗത്തിലെ ഡോ. ഗവാസ് രാഗേഷ് പറഞ്ഞു.മേലൂരിലെ വിവിധയിടങ്ങൾ വിദഗ്ധ സംഘം ഇന്നു സന്ദർശിക്കും.