സൈബീരിയ എന്നു കേൾക്കുന്പോൾ മഞ്ഞുമൂടിയ താഴ്വരകളും പല്ലു കിടുങ്ങുന്ന തണുപ്പും കുറെ കൊക്കുകളും ഒക്കെയാണ് മനസിൽ വരുന്നതെങ്കിൽ ഇനി ഒരു ചിത്രം കൂടി ചേർത്തുവയ്ക്കാം. ഹോളിവുഡ് ആക്ഷൻ സിനിമകളിലേതു പോലെ തോക്കേന്തി നിൽക്കുന്ന ഒരു തവിട്ടു കരടിയുടെ ചിത്രം. കേൾക്കുന്പോൾ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാണ്.
സൈബീരിയയിലെ ഇർകുസ്ക് പ്രവിശ്യയിലെ വനമേഖലയിൽ നേരന്പോക്കിനു വേട്ടയാടാനിറങ്ങിയ അന്പത്തേഴുകാരനാണു പണി കിട്ടിയത്. മനുഷ്യവാസമില്ലാത്ത പ്രദേശത്തു ടെന്റ് കെട്ടി താമസമാക്കിയ വേട്ടക്കാരൻ കുടിവെള്ളമന്വേഷിച്ചു പോയി തിരിച്ചെത്തിയപ്പോൾ ടെന്റിനടുത്തുനിന്നു സംശയാസ്പദമായ ചില ശബ്ദങ്ങൾ കേട്ടു. ഒളിഞ്ഞുനിന്നു നോക്കിയപ്പോൾ അതാ ഒരു ഭീമൻ കരടി തന്റെ തോക്കുകളും കൈയിലേന്തി നിൽക്കുന്നു. തന്റെ ബാഗ് വലിച്ചുകീറി സ്ഥാവരജംഗമ വസ്തുക്കളെല്ലാം വലിച്ചു പുറത്തിട്ടിരിക്കുന്നു. ഇതുകണ്ട വേട്ടക്കാരൻ ജീവനുംകൊണ്ട് ഓടി കാട്ടിലൊളിച്ചു. മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തന്റെ തോക്കുകൾ കാണാനില്ല.
ഒരു പ്ലാസ്റ്റിക് ബക്കറ്റ് കടിച്ചുപറിച്ചനിലയിൽ കിടക്കുന്നു. വേട്ടക്കാരൻ ലോക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടത്രേ. തോക്കുമായി നടക്കുന്ന കരടിയെ പേടിച്ചു വേട്ടക്കാർ വേട്ടസീസണ് നേരത്തെ അവസാനിപ്പിച്ചെന്നാണു കേൾവി.