മംഗലംഡാം: വനപാലകരുടെയും നാട്ടുകാരുടെയും ഓമനയായി കരിങ്കയത്തെ വനം വകുപ്പ് ഓഫീ സിൽ കഴിയുന്ന മാളുട്ടി എന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും.അവിടെ വനംവകുപ്പിന്റെ ഓപ്പണ് പാർക്കിൽ വിട്ടയക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അഭിലാഷ് പറഞ്ഞു.
വൈൽഡ് അനിമൽ എന്ന നിലയിൽ മനുഷ്യർക്കിടയിൽ വളർന്നാൽ അതിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരും.അത് മൃഗത്തിനു ദോഷകരമാകുമെന്നതിനാലാണു സ്ഥലം മാറ്റുന്നത്. ആറു മാസം പ്രായമുണ്ട് ഇപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട മാളുട്ടിക്ക്.
പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും. മാൻ ഇനത്തിലെ ഏറ്റവും വലിയ ഇനമായ മ്ലാവ് ഇനത്തിൽപ്പെട്ടതാണിത്.മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സുഖസൗകര്യങ്ങളോടെയാണ് മാൻകുട്ടി ഇവിടെ കഴിയുന്നത്.
അഞ്ചുമാസം മുന്പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്.അമ്മയ്ക്കൊപ്പം കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടിക്കയറി. തള്ള മ്ലാവ് ഉൾക്കാട്ടിൽ കയറി നായ്ക്കളിൽ നിന്നും രക്ഷപ്പെട്ടു.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണു വനപാലകർ മ്ലാവിൻ കുട്ടിയെ ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടുവന്നത്.നായ്ക്കൾ ഓടിച്ച് ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. അതെല്ലാം വെറ്ററിനറി ഡോക്ടറെ കാണിച്ച് ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ ആരോഗ്യവതിയാണ് ഇവൾ.
ഫോറസ്റ്റർ രഞ്ജിത്തും ബിഎഫ്ഒമാരായ ദിവ്യയും നീതുവും പിടിഎസ് ജോബിനും മെസിലെ ശ്രീദേവിയും തുടങ്ങി ഓഫീസിലെ എല്ലാവരും തന്നെ മാളൂട്ടിയുടെ സംരക്ഷണത്തിനുണ്ട്.സർവ സ്വതന്ത്രയാണ് മാളൂട്ടി. ഓഫീസിനുള്ളിലും അടുക്കളയിലുമൊക്കെ ഇടക്കിടെ സന്ദർശനമുണ്ട്. ഭക്ഷണം കിട്ടാനാണ് ഈ വരവ്.
ഒന്നും കൊടുത്തില്ലെങ്കിൽ ദേഷ്യം വന്ന് തലകൊണ്ട് ഇടിക്കും ശ്രീദേവി പറഞ്ഞു. പരിസരത്ത് നായശല്യം ഉള്ളതിനാൽ മുറിയിലാണു രാത്രി കിടപ്പ്.പകൽസമയം ഓഫീസിനു മുന്നിലെ റോഡിലും തേക്ക് തോട്ടത്തിലും ഉണ്ടാകും. റോഡിലൂടെ പോകുന്നവർ വാഹനം നിർത്തി സെൽഫി എടുത്താണ് പലപ്പോഴും യാത്ര തുടരുക.
ആരുമായും നല്ല ഇണക്കമാണ്. കാട്ടുമൃഗത്തിന്റെ ശൗര്യമോ ഗൗരവമോ ഇവൾക്കില്ല. കാട്ടിൽ വിടാൻ ശ്രമം നടത്തിയെങ്കിലും വനപാലകരെ വിട്ടുപോകാൻ മാളുട്ടിക്ക് താല്പര്യമില്ലായിരുന്നു.മ്ലാവിന്റെ മറ്റൊരുകൂട്ടം സമീപത്ത് വന്നപ്പോൾ അവിടെ എത്തിച്ചെങ്കിലും മാളുട്ടി അവർക്കൊപ്പം പോകാൻ തയാറായില്ല. തുടക്കത്തിൽ പാല് കുപ്പിയിലാക്കി കൊടുക്കുകയായിരുന്നു.
ആദ്യ ദിവസങ്ങളിൽ കുറച്ചു ബുദ്ധിമുട്ടി. മെസിലെ എന്തും ഈ ഓമനയ്ക്കു പ്രിയഭക്ഷണമാണ്. ദോശയാണ് ഏറെ ഇഷ്ടം.
മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഇവ കാട്ടിൽ ജീവനു ഭീഷണി ആകുന്പോൾ ഓടിയെത്തുക മറ്റു മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യരുടെ അടുത്തേക്കാകും.
മനുഷ്യരുടെ സാമീപ്യം വലിയ സുരക്ഷാവലയമാണെന്ന് ഈ മിണ്ടാപ്രാണികൾ തിരിച്ചറിയുന്നു.എന്തായാലും ഫോറസ്റ്റ് ഓഫീസ് വഴി കടന്നു പോകുന്നവർക്കെല്ലാം കൗതുക കാഴ്ചയായി മാറിയ മാൻകുട്ടി ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ മലയാറ്റൂരിലേക്കു യാത്രയാകും.