കഴിഞ്ഞ ദിവസം റഷ്യയിൽ നടന്ന ഫുട്ബോൾ ലീഗിൽ കാണികളെ ആകർഷിച്ചത് ടീമുകളുടെ പ്രകടനമായിരുന്നില്ല. മത്സരം തുടങ്ങുന്നതിനു മുന്പ് റഫറിക്കൊപ്പമെത്തിയ ടിം എന്ന കരടിയായിരുന്നു അന്നത്തെ താരം. മനുഷ്യനേക്കാൾ ഉയരമുള്ള, ഇടതൂർന്ന രോമമുള്ള ടിം ഫുട്ബോൾ മത്സരം കിക്ക് ഓഫ് ചെയ്യുന്നതിനു മുന്പ് റഫറിയുടെ കൈയിൽ പന്ത് കൊടുത്തു.
രണ്ടു കാലിൽ നിന്ന് റഫറിക്ക് ബോൾ കൊടുത്തശേഷം കരങ്ങളടിച്ച് കാണികളെ രസിപ്പിച്ച ടിമ്മിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ വലിയ വിവാദത്തിനും വഴിമരുന്നിട്ടു. മൃഗങ്ങളെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിക്കുന്നത് മനുഷ്യത്വമില്ലായ്മയാണെന്നു ചൂണ്ടിക്കാട്ടി ഒരുപറ്റം മൃഗാവകാശ പ്രവർത്തകർ രംഗത്തെത്തി. പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളുമെത്തി.
വന്യമൃഗമായ കരടിയെ ജനങ്ങൾ കൂടിയിരിക്കുന്ന പൊതുസ്ഥലത്ത് ഒരു വേലക്കാരനെപ്പോലെ കൊണ്ടുനടക്കുന്നത് അപകടകരമാണെന്ന് അരോപിക്കുന്നവരുമുണ്ട്. കൂടാതെ, റഷ്യയുടെ പ്രതീകമാണ് കരടി. അവയെ എങ്ങനെ സംരക്ഷിക്കണം, പരിപാലിക്കണം എന്നത് രാജ്യവ്യാപകമായി ചിന്തിക്കുന്പോൾ പ്രസിദ്ധിക്കുവേണ്ടി ഇത്തരത്തിൽ ചെയ്യാൻ പാടില്ല എന്നും ഇക്കൂട്ടർ പറയുന്നു.
ഫിഫ ലോകകപ്പ് നടക്കാനിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ലോകത്തെ ഈ സംഭവം ഞെട്ടിച്ചിട്ടുണ്ട്. ചുവന്ന കണ്ണുള്ള കരടിയാണ് ജൂണിൽ റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം.