സന്ദർശകർ നൽകിയ ഒരു കാരറ്റ് കഴിച്ചതിനു വെടിവച്ചു കൊല്ലുകയോ?… അതും ഒരു മാനിനെ! വന്യമൃഗങ്ങളെ പേടിപ്പിച്ചാൽ തന്നെ മനുഷ്യൻ അഴിയെണ്ണാൻ വകുപ്പുള്ള നമ്മുടെ നാട്ടിൽ ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്.
കേട്ടപാതി കേള്‍ക്കാത്ത പാതി “വാളെടുക്കുന്ന’ മൃഗസ്നേഹികളോട്… സംഭവം നമ്മുടെ നാട്ടിലല്ല. ഇംഗ്ലണ്ടിലെ കെന്റ് മേഖലയിലെ നോള്‍ പാര്‍ക്കില്‍ ഈ മാസമാണ് ഏവരുടെയും കരളലിയിപ്പിക്കുന്ന സംഭവം. അതേസമയം, മനുഷ്യനേക്കാൾ വലുതല്ല ഏതു മൃഗവും എന്നു കാണിച്ചു തരുന്ന സംഭവം കൂടിയാണിത്.
മാനിനു കാരറ്റ് നല്കിയ പിക്കിനിക്കിനെത്തിയ കുടുംബമാണ് ദാരുണാന്ത്യത്തെക്കുറിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. അതേസമയം, മാനിനെ വെടിവച്ചതിനെ ന്യായീകരിക്കും വിധത്തിലാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരായ നാഷണല്‍ ട്രസ്റ്റിന്റെ വിശദീകരണം. ‘ പാര്‍ക്കിലെത്തുന്നവര്‍ ഭക്ഷണം കൊടുത്താൽ മാന്‍ ആളുകളുമായി ഇണങ്ങാറുണ്ട്.
അത് ഇവിടെ വരുന്നവര്‍ക്കു പലപ്പോഴും ശല്യവും ഒപ്പം അപകടവും വരുത്താറുണ്ട്. ഭക്ഷണം തേടി അവ സന്ദർശകരെ പിന്നെ ശല്യപ്പെടുത്തും. ഇങ്ങനെ അപകടം വരുത്തിയ മാനിനെയാണ് വെടിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. വെടിവയ്പ്പും ന്യായീകരണവും നമ്മുടെ നാട്ടിലാണെങ്കില്‍ എന്തായിരിക്കും സ്ഥിതി… ചിന്തിക്കാന്‍ പറ്റുമോ…
കാരറ്റ് നൽകിയാൽ
പാര്‍ക്കിലേക്കു പോകുമ്പോള്‍ മാനുകള്‍ക്കായി കാരറ്റുകള്‍ കൈയില്‍ കരുതിയിരുന്നു. ഇത്തരം പാര്‍ക്കുകളില്‍ എല്ലായിടത്തും ഉള്ളതു പോലെ മൃഗങ്ങള്‍ക്കു ഭക്ഷണം നല്കാന് പാടില്ലെന്ന നിയമം ഉള്ളതറിയാമായിരുന്നു.
എന്നാല്‍, അവയുടെ ആരോഗ്യത്തിനു ഹാനികരമാകാവുന്ന ചോക്ലേറ്റ് പോലുള്ളവ ആളുകള്‍ നല്കാതിരിക്കാനായിരിക്കും അത്തരത്തില്‍ ബോര്‍ഡ് വച്ചതെന്നാണു കരുതിയിരുന്നത്. പാര്‍ക്കില്‍ ഇരുന്ന ഞങ്ങളുടെ അടുത്തേക്കു നല്ല ചന്തമുള്ള ഒരു മാന്‍ വന്നു. അതിനു കഴിക്കാന്‍ ഒന്നും നല്‍കാതെ വിടാന്‍ മനസു സമ്മതിച്ചില്ല. അതുകൊണ്ടാണ് കാരറ്റ് നല്‍കിയത്.
വിക്ടോറിയ തുടര്‍ന്നു… കാരറ്റ് തിന്ന മാൻ വീണ്ടും അതു കിട്ടാനായി ഞങ്ങളുടെ അടുത്തേക്കു കുതിച്ചുകയറിയെത്തി. കാരറ്റ് ഉണ്ടെന്നു കരുതുന്ന ബാഗിനടുത്തേക്ക് ഇടിച്ചുകയറി. എന്നാൽ, ആ സ്നേഹപ്രകടനം പാവം മാനിന്റെ ആയുസെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല.
ആ വെടിയൊച്ച
മാൻ വീണ്ടും കാരറ്റിനായി ഇടിച്ചു കയറിയതും പാര്‍ക്കിലെ ഒരു ജീവനക്കാരി അതിനെ ഓടിച്ചുവിട്ടു. എന്നാല്‍, അല്പം കഴിഞ്ഞു മാനിനെ അന്വേഷിച്ചു പാർക്ക് അധികൃതർ അവിടേക്ക് എത്തി.
കെയര്‍ ടേക്കറോടു പന്ത്രണ്ടു വയസുകാരി മകള്‍ അലക്സിസ് കാര്യം തിരക്കി. ആ മാനിനെ ഇനി വെറുതെ വിടാനാകില്ലെന്നായിരുന്നു മറുപടി. സന്ദർശകർ നൽകുന്ന ഭക്ഷണത്തിന്റെ രുചി പിടിച്ചതിനാൽ അത് ഇനിയും പാർക്കിൽ വരുന്ന സന്ദർശകരെ ശല്യപ്പെടുത്തുമെന്നായിരുന്നു അവരുടെ മറുപടി.
അതിന് എന്തു ചെയ്യാനാകും എന്ന ചോദ്യത്തിനു കൊന്നു കളയും എന്നതായിരുന്നു മറുപടി. സംസാരത്തിന് ഇടയിൽ തന്നെ അല്പം അകലെ ചെറിയൊരു വെടിശബ്ദം കേട്ടു. ആ സംസാരം തീരുംമുന്പേ കാരറ്റ് കഴിച്ച മാനിനെ പാർക്ക് അധികൃതർ വെടിവച്ചുകൊന്നിരുന്നു.
സ്നേഹം കാണിച്ചതുകൊണ്ടു മാനിനു നേരിട്ട ദുരന്തം ആ കുടുംബത്തെ ഞെട്ടിച്ചു. ഇതിനെക്കുറിച്ച് എഴുതിയ പോസ്റ്റ് വൈറല്‍ ആയതോടെ വെടിവച്ചവർക്കെതിരേയല്ല, നിയമം തെറ്റിച്ചു മാനിനു ഭക്ഷണം നൽകിയ കുടുംബത്തിനെതിരേയാണ് വിമർശനം ശക്തമായത്. ‘
പാടില്ല.. എന്നു പറഞ്ഞാല്‍ പാടില്ല….എന്താണ് ഈ മനുഷ്യര്‍ ഇങ്ങനെ, അവ വന്യമൃഗങ്ങള്‍ ആണ്. ചിലപ്പോള്‍ ആക്രമണകാരികളും. സൈന്‍ബോര്‍ഡ് എല്ലാവര്ക്കും ബാധകമാണ്… തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍.
നമ്മുടെ നാട്ടില്‍ ആയിരുന്നേല്‍ !
മാനിനെ വെടിവച്ചതും അതു ന്യായീകരിച്ചുകൊണ്ടുള്ള അധികൃതരുടെ വാദവും നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു? കാട്ടുപന്നിക്കായി കരുതിയ സ്ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ ആനയെ തന്നെയായിരിക്കും ഇതു വായിക്കുന്ന ഏതൊരു മലയാളിയും ആദ്യം ഓര്‍ക്കുക. മാന്‍ വെടിയേറ്റ വാര്‍ത്തയ്ക്കു മറ്റെവിടെയും കിട്ടാത്ത മൈലേജ് ലഭിച്ചേനെ നമ്മുടെ നാട്ടില്‍.
‘ആ കുടുംബം വിശന്നു വന്ന മാനിന് ഭക്ഷണം നല്‍കുകയാണ് ചെയ്തത്. അതു തെറ്റാണോ.’ എന്നു തുടങ്ങിയ ന്യായീകരണങ്ങള്‍ ആദ്യം കളംപിടിക്കും. സംഭവം കൊഴുക്കുന്നതോടെ ട്രേളന്മാരും ചാനല്‍ ചര്‍ച്ചകളും സംഗതി അങ്ങ് ഏറ്റെടുക്കും.
വിവാദം മുറുകുന്നതോടെ നടന്ന സ്ഥലത്തിന്റെയും വെടിവച്ച ആളുടെയും രാഷ്ട്രീയവും മതവുംവരെ ചർച്ചായാകും. പൊങ്കാലയും ആർക്കൊക്കെ കിട്ടുമെന്നു ഊഹിക്കാൻ കൂടി പറ്റില്ല.. നമ്മുടെ നാട്ടിൽ ഒഴികെ മറ്റൊരിടത്തും മനുഷ്യനേക്കാൾ വലുതല്ല മൃഗം!
തയാറാക്കിയത്: കെ.എം. വൈശാഖ്