സിജോ പൈനാടത്ത്
കൊച്ചി: കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നല്‍കിയത് 327.06 കോടി രൂപ.
തിരുവിതാംകൂര്‍, മലബാര്‍, ഗുരുവായൂര്‍, കൊച്ചിന്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇത്രയും തുക നല്‍കിയത്.
നാളിതുവരെ ഒരു തുകയും സര്‍ക്കാരിലേക്കു ദേവസ്വം ബോര്‍ഡുകള്‍ നല്‍കിയിട്ടില്ലെന്നും സംസ്ഥാന ദേവസ്വം വകുപ്പില്‍ നിന്നുള്ള രേഖകളില്‍ വ്യക്തമാക്കുന്നു.
2018-19 മുതല്‍ മൂന്നു വര്‍ഷം മലബാര്‍ ദേവസ്വത്തിനാണ് ഏറ്റവുമധികം തുക സര്‍ക്കാര്‍ നല്‍കിയത്, 159.27 കോടി രൂപ.
വാര്‍ഷിക വിഹിത ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെ മാത്രം 44.30 കോടി രൂപ മലബാര്‍ ദേവസ്വത്തിനു നല്കി.
2020-21ല്‍ പ്രത്യേക കോവിഡ് ധനസഹായമായി 20 കോടിയാണു നല്‍കിയത്. കാവ്, കുളം നവീകരണത്തിന് രണ്ടു തവണയായി 98 ലക്ഷം രൂപ മലബാര്‍ ദേവസ്വത്തിനു ലഭിച്ചു.
142.40 കോടി രൂപയാണു തിരുവിതാംകൂര്‍ ദേവസ്വത്തിനു സര്‍ക്കാര്‍ നല്‍കിയത്. 2020-21ല്‍ 90.40 ലക്ഷം രൂപയും 2021-22ല്‍ ഡിസംബര്‍ വരെ 20.80 ലക്ഷവും നല്‍കിയിട്ടുണ്ട്.
പ്രളയം, കോവിഡ് പ്രത്യേക ധനസഹായമായി 140 കോടിയാണ് തിരുവിതാകൂര്‍ ദേവസ്വത്തിനു സര്‍ക്കാര്‍ നല്‍കിയത്.
കൊച്ചിന് ദേവസ്വത്തിനു മൂന്നു വര്‍ഷത്തിനിടെ 25.23 കോടി രൂപ നല്‍കിയിട്ടുണ്ട്. കോവിഡ് ധനസഹായമായി 25 കോടിയും കാവുകളുടെയും കുളങ്ങളുടെയും നവീകരണത്തിന് 23 ലക്ഷവും ലഭിച്ചു.
കൂടല്‍മാണിക്യം ദേവസ്വത്തിനു മൂന്നു വര്‍ഷത്തിനിടെ കോവിഡ് ധനസഹായമായി നല്കിയ 15 ലക്ഷമാണ് ആകെ സര്‍ക്കാര്‍ നല്‍കിയത്.
ദേവസ്വങ്ങളില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന ചിലരുടെ വാദങ്ങള്‍ക്കുള്ള മറുപടിയാണ് ദേവസ്വം ബോര്‍ഡ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകളെന്നു പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി.