ന്യൂഡല്‍ഹി: ഇനിയുള്ള ഉദ്ഘാടനമാമാങ്കങ്ങള്‍ മോദി മയമാക്കാന്‍ ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപിയുടെ നീക്കം. വിവിധ സംസ്ഥാനങ്ങളില്‍ തയാറാകുന്ന വന്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്കി.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടതും ശിലാസ്ഥാപനം നടത്തേണ്ടതുമായ പദ്ധതികളുടെ പട്ടിക തയാറാക്കുകയാണു ലക്ഷ്യം. നിര്‍മാണച്ചെലവ്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം, ലഭ്യമായ അനുമതികള്‍ തുടങ്ങിയ വിവരങ്ങളാണു ഓരോ സംസ്ഥാനവും നല്‍കേണ്ടത്.
റെയില്‍വേ, റോഡ് വികസനം, വ്യോമയാനം, പാര്‍പ്പിടം, നഗരവികസനം തുടങ്ങി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു മുന്‍ഗണന. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറം നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പദ്ധതികള്‍ക്കു തുടക്കമിടുകയാണു ലക്ഷ്യം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ക്കു കിട്ടുന്ന വാര്‍ത്താപ്രാധാന്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാവും. വികസനോന്മുഖ സര്‍ക്കാരെന്ന പ്രതിച്ഛായയും ഗുണകരമാകുമെന്നാണു ബിജെപിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനായി ഇതിനോടകം ആയിരക്കണക്കിന് വോളണ്ടിയര്‍മാരെ ആശയപ്രചാരണത്തിനായി നിയോഗിച്ചുകഴിഞ്ഞു.
അധികാരത്തിലേറി അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പ്രതിച്ഛായയ്ക്കു വലിയ കളങ്കമേറ്റെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് മോദിയെ വീണ്ടും കളത്തിലിറക്കുന്ന തന്ത്രം ബിജെപി പയറ്റുന്നത്.
ബിഹാറില്‍ ബിജെപിക്ക് ശുഭകരമല്ല കാര്യങ്ങള്‍
പാറ്റ്ന: ബിജെപി അധ്യക്ഷനും തന്ത്രജ്ഞനുമായ അമിത് ഷാ നേരിട്ടെത്തിയിട്ടും ബിഹാറില്‍ ജനതാദള്‍യു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെ മുഖത്ത് ചിരി അത്രപോരാ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച ഒരു തീരുമാനവുമാകാതെയാണ് അമിത് ഷാ- നിതീഷ് ചര്‍ച്ച അവസാനിച്ചത്. എന്നാല്‍, എന്‍ഡിഎയില്‍ യാതൊരു വിള്ളലുമില്ലെന്ന പ്രഖ്യാപനമാണ് അമിത് ഷാ നടത്തിയത്.
ബിഹാറിലെ 40 ലോക്സഭാ സീറ്റുകളും എന്‍ഡിഎ നേടുമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എന്‍ഡിഎയില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ അസ്ഥാനത്താകുമെന്നും ബിജെപിയും ജനതാദള്‍ യുണൈറ്റഡും (ജെഡിയു) ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടുമെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
ബിഹാറിനെ കേന്ദ്രം അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആക്ഷേപം ബിജെപി അധ്യക്ഷന്‍ അമിത് ഷാ കണക്കുകള്‍ നിരത്തി ഖണ്ഡിച്ചു. ഷായും നിതീഷ് കുമാറും ഇരുപാര്‍ട്ടികളിലെ നേതാക്കളും പങ്കെടുത്ത പ്രഭാത ഭക്ഷണ കൂടിക്കാഴ്ചയില്‍ ബിഹാറിനു നല്കിയ കേന്ദ്ര സഹായങ്ങളുടെ വിശദാംശങ്ങള്‍ ബിജെപി സഖ്യകക്ഷിക്കു കൈമാറി.
ലോക്സഭാ സീറ്റുകള്‍ സഖ്യകക്ഷികളുടെ ജനസ്വാധീനത്തിന് അനുസൃതമായി പങ്കിടാമെന്ന ഉറപ്പാണ് അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറിനു നല്‍കിയത്. ഇതോടെ പ്രശ്നത്തിനു താത്കാലിക അന്ത്യമായെങ്കിലും നിതീഷിന്റെ പല ആവശ്യങ്ങളും അമിത് ഷാ നിരാകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രത്യേക സംസ്ഥാന പദവിക്കായുള്ള നിതീഷിന്റെ ആവശ്യം നിരാകരിച്ചതാണ് പ്രധാനം. സീറ്റു തര്‍ക്കം പരിഹരിക്കും മുന്‍പേ നിതീഷ് കുമാറിന്റെ കേന്ദ്രവിരുദ്ധ ആരോപണങ്ങളുടെ മുനയൊടിക്കാനാണു ബിഹാര്‍ സന്ദര്‍ശനത്തിനിടെ അമിത് ഷാ ശ്രമിച്ചത്.
കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു. നിതീഷിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ജനതാദള്‍ യുവും ബിജെപിയമായുള്ള സഖ്യം തകര്‍ന്നുകാണാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. അത് അവരുടെ ആഗ്രഹം മാത്രമായി അവശേഷിക്കുകയേയുള്ളൂ. എന്‍ഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ആകെയുള്ള 40 സീറ്റും നമ്മള് നേടും. അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞു. നിതീഷ് കുമാറിനൊരിക്കലും അഴിമതിക്കാരുടെ കൂടെ നില്‍ക്കാനാവില്ല, അതുകൊണ്ടുതന്നെ ബിജെപി അവരുടെ സ്വാഭാവിക സഖ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി, ലോക്സഭാ മണ്ഡല ചുമതലയുള്ള പ്രഭാരിമാര്‍, സമൂഹമാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗങ്ങളില്‍ അമിത് ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.അതേസമയം, ജനതാദള്‍ യുണൈറ്റഡിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം ശ്രദ്ധാപൂര്‍വമായിരുന്നു. എല്ലാം ശരിയായി വരുന്നു. ശുഭപ്രതീക്ഷയാണുള്ളതെന്നാണ് ജനതാദള്‍ നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, നിതീഷ് കുമാര്‍ കാര്യമായി ഒന്നും പരസ്യമായി സംസാരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപി സംസ്ഥാന ഓഫീസിലെ ഇ ലൈബ്രറി ഉദ്ഘാടനവും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ അത്താഴവിരുന്നിലും ബിജെപി അധ്യക്ഷന്‍ പങ്കെടുത്തു. 2010ല്‍ ബിജെപിയുടെ അത്താഴവിരുന്ന് നിതീഷ് ബഹിഷ്കരിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിതീഷിന്റെ അത്താഴ വിരുന്നിനെത്തിയ അമിത് ഷായുടെ നടപടിക്ക് അതുകൊണ്ടുതന്നെ വലിയ രാഷ്്ട്രീയമാനമുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് അമിത് ഷാ ബിഹാറിലെത്തുന്നത്.