കോട്ടയം: സ്വപ്ന സുരേഷിനെതിരേ മാനഷ്ടക്കേസ് കൊടുക്കാൻ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും പാര്‍ട്ടി അനുമതി നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കെതിരേ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു.
പാര്‍ട്ടി തലത്തില്‍ അനുമതി നല്കിയാല് മാനനഷ്ടക്കേസ് നല്‍കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ പാര്‍ട്ടി അനുവാദം നല്‍കുന്നതെന്ന് എം.വി. ഗോവിന്ദന് അറിയിച്ചത്.
സഭാക്കേസില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനം കൈവരിക്കാനാണു സര്‍ക്കാര്‍ ശ്രമം. ആരെയും ശത്രുവായും മിത്രമായും നിര്‍ത്തിയല്ല സമാധാനശ്രമങ്ങള്‍.
സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകും.പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ മാധ്യമങ്ങളോടു വ്യക്തമാക്കണമെന്നില്ല. ആവശ്യമുള്ളതു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.