അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തടവ് ശിക്ഷയെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു.
മോദി പരാമര്‍ശത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന് കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചിട്ടുള്ളത്.
ഇന്നുവരെയാണ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് രാഹുലിന്റെ ആദ്യ അപേക്ഷ. തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നതാണ് രണ്ടാമത്തെ അപേക്ഷയിൽ.
ഉച്ചയ്ക്ക് മുന്‍പ് അപ്പീല്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24-ാമതായാണ് നിലവില്‍ രാഹുലിന്റെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍വച്ച് “എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനാധാരം.