ബാഹുബലി-2 ചരിത്രമാണ്; എങ്കിലും ബ്രഹ്മാണ്ഡ ചിത്രത്തിലെ ഈ പോരായ്മകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല; പലരുടെയും ശ്രദ്ധയില്‍ പെടാത്ത ആ പോരായ്മകള്‍ എന്തെന്നറിയാം…

bahu257ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ചു കൊണ്ടാണ് ബാഹുബലി-2 മുന്നേറുന്നത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടവും സ്വന്തമാക്കി. അതിഭാവുകത്വത്തിന്റെയും അവിശ്വസനീയതയുടെയും തലത്തിലാണെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ കഥപറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതവരിപ്പിക്കുകയും ചെയ്തതാണ് സിനിമയുടെ വിജയം. എന്നിരുന്നാലും രാജമൗലിയുടെ ഇതിഹാസ സിനിമയ്ക്ക് ചില പോരായ്മകളുണ്ടെന്ന് ചിലരെങ്കിലും പറയും. പ്രേക്ഷകനെ മായക്കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോവുകയാണ് ബാഹുബലി ചെയ്യുന്നത്. അതിലെ യുക്തിയേപ്പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ല. അതിഭാവുകത്വത്തില്‍ പൊതിഞ്ഞാണ് ബാഹുബലിയും മറ്റു കഥാപാത്രങ്ങളും വരുന്നത്. മനംമയക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയ്ക്കൊപ്പം നടത്തുന്നു. എന്നാല്‍, പ്രേക്ഷകന് ആ സിനിമയില്‍നിന്ന് പുതിയതായി ഒന്നും കിട്ടുന്നില്ലെന്നത് ബാഹുബലി 2-ന്റെ പോരായ്മയാണ്.

ആദ്യഭാഗത്ത് കണ്ടു പരിചയിച്ച കാഴ്ചകളില്‍ നിന്ന് വ്യത്യസ്ഥമായ ദൃശ്യാനുഭവം നല്‍കാന്‍ ബാഹുബലി-2ന് കഴിഞ്ഞില്ല. ദേവസേനയുടെ രാജ്യമാണ് രണ്ടാംഭാഗത്തില്‍ പുതുതായി വരുന്നത്. എന്നാല്‍ ആ കൊട്ടാരത്തിന് ആകാരഭംഗിയില്‍ വ്യത്യസ്ഥതയൊന്നുമില്ലെന്നത് ഒരു പോരായ്മയാണ്.അതിഗംഭീരമായ ദൃശ്യങ്ങളൊരുക്കുന്നതിലാണ് രാജമൗലിയുടെ വൈഭവം. ഒരു മായികലോകം നമുക്കുമുന്നില്‍ സൃഷ്ടിക്കാന്‍ ബാഹുബലിയുടെ ആദ്യഭാഗത്തിന് സാധിച്ചിരുന്നു. അതിലെ ഓരോ ദൃശ്യങ്ങള്‍ക്കും അത്ഭുതപ്പെടുത്തുന്ന എന്തോ ഒരു ചേരുവയുണ്ടായിരുന്നു. സീനുകളുടെ സൃഷ്ടിയില്‍ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെങ്കിലും, അത്ഭുതപ്പെടുത്തുന്ന ആ ചേരുവ രണ്ടാം ഭാഗത്തില്‍ കൊണ്ടുവരാന്‍ രാജമൗലിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.ഒരു പക്ഷെ പുതുമ നഷ്ടപ്പെടുന്നതിനാല്‍ തോന്നുന്നതാവാം ഇത്.
bahu1
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന സസ്‌പെന്‍സാണ് രണ്ടാം ഭാഗത്തിലേക്ക് ഇത്രയധികം ആളുകളെ ആകര്‍ഷിച്ചത്. എന്നാല്‍ ഈ സസ്‌പെന്‍സ് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത ഉയര്‍ന്നില്ലയെന്നു പറയേണ്ടിരിക്കുന്നു. ഇതൊക്കെയാണെങ്കിലും, ചിത്രത്തിലെ നായകനായ പ്രഭാസും പ്രതിനായകനായ റാണ ദഗുബതിയും തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രേക്ഷകരെ സ്തബ്ദരാക്കിയിരിക്കുന്നു.

ഓരോ സിനിമയും കണ്ടിറങ്ങുമ്പോള്‍, ചില ചോദ്യങ്ങള്‍ അവശേഷിക്കും. അത് ഏത് പരാജയ ചിത്രത്തിന്റെ കാര്യത്തിലായാലും വിജയചിത്രത്തിന്റെ കാര്യത്തിലായാലും അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നു മാത്രം. ഒരു പക്ഷെ ബാഹുബലി-1ന്റെ ഓര്‍മകള്‍ മനസില്‍ മായാതെ കിടക്കുന്നതും ബാഹുബലി-2നെ മഹത്തരമെന്നു വാഴ്ത്തുന്നതില്‍ നിന്നു തടയുന്നു.

Related posts