തളിപ്പറമ്പ്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിക്കുന്നു എന്ന് ബോധ്യപ്പെട്ടതിനാല്‍ തളിപ്പറമ്പ് മത്സ്യ മാര്‍ക്കറ്റില്‍ അന്യസംസ്ഥാന മത്സ്യങ്ങളുടെയും വളര്‍ത്ത് മത്സ്യങ്ങളുടെയും വില്പന പൂര്‍ണമായും നിര്‍ത്തലാക്കുന്നു.
സ്വതന്ത്ര മത്സ്യവില്പന തൊഴിലാളി യൂണിയന് (എസ്ടിയു) മുനിസിപ്പല്‍ കമ്മിറ്റിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്.
പ്രാദേശികമായി ലഭിക്കുന്ന പുതിയ മത്സ്യങ്ങള്‍ മാത്രമേ വില്ക്കുവാന് അനുവദിക്കുകയുള്ളൂവെന്നും യൂണിയന് തീരുമാനമെടുത്തു. വന്‍കിട കയറ്റുമതി കമ്പനികളിലേക്ക് കൊണ്ടു പോകുന്ന മത്സ്യം ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിട്ടും കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നയത്തില്‍ യോഗം പ്രതിഷേധിച്ചു.
ഇത്തരം കമ്പനികളുടെ പേരുകള്‍ പോലും വെളിപ്പെടുത്താതെ മത്സ്യ വില്പനയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ ബാധിക്കുന്ന വിധത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നതിലും യോഗം പ്രതിഷേധിച്ചു.
കേരള തീരങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ എന്ത് കൊണ്ടാണ് ലഭിക്കാത്തതെന്നും എന്തുകൊണ്ടാണ് അന്യസംസ്ഥാന മേഖലയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മനസ്സിലാക്കി ശക്തമായ നടപടിയും പൊതുജനത്തിന് ബോധവത്ക്കരണവും വേണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി എ.വി.മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ടി.മൂസാന്‍ അധ്യക്ഷത വഹിച്ചു. പി.കെ.നിസാര്‍, ഇ.അഷ്റഫ്, എം.പി.ഇസ്മായില്‍, കെ.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.