ഫോണിൽ നിങ്ങളൊരു ഫോട്ടോ എടുക്കുന്നു. കുറച്ചു കഴിയുന്പോൾ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണ് ആ ഫോട്ടോ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള ചിലർക്ക് അയയ്ക്കുന്നു. ഇതിൽപ്പരം ചതി വേറെയുണ്ടോ!
സാംസങ്ങ് ഫോണുകളെക്കുറിച്ച് അടുത്തയിടെവന്ന ഏറ്റവും വലിയ പരാതിയാണ് മുകളിൽ പറഞ്ഞത്. സാംസങ്ങിന്റെ ചില ഫോണുകൾ ഗാലറിയിലുള്ള ചിത്രങ്ങൾ ആവശ്യമില്ലാത്തവർക്ക് അയയ്ക്കുന്നു എന്ന പരാതി കന്പനിയുടെ ഒൗദ്യോഗിക ഫോറങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഫോണിലെ ഡിഫോൾട്ട് ടെക്സ്റ്റിംഗ് ആപ്പ് ആയ സാംസങ്ങ് മെസേജസ് ആണ് കുഴപ്പക്കാരൻ. ഇതിൽ കയറിക്കൂടിയ ബഗ് ആണ് പണിപറ്റിച്ചതെന്നു കരുതുന്നു. ഫോട്ടോകൾ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് അയച്ചെന്ന അറിയിപ്പുപോലും ഫോണ് നൽകിയില്ലത്രേ. ഫോട്ടോകൾ കിട്ടിയവർ പ്രതികരിച്ചപ്പോഴാണ് പലരും തലയിൽ കൈവച്ചുപോയത്.
ടെക്നിക്കൽ ടീം പ്രശ്നം പരിഹരിക്കുന്നുവെന്നാണ് കന്പനി ആദ്യം ഇതിനോടു പ്രതികരിച്ചതെന്ന് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ഗാലക്സി എസ്9, എസ്9 പ്ലസ് മോഡലുകളിലാണ് പ്രശ്നം കൂടുതലും കണ്ടതെന്ന് ഫോറങ്ങളിലെ പരാതികൾ സൂചിപ്പിക്കുന്നു. സ്റ്റോറേഡ് ആക്സസ് ചെയ്യാനുള്ള അനുമതി ആപ്പിനു നൽകാതിരിക്കുക എന്നതാണ് ഏറ്റും അടിയന്തരമായി ചെയ്യേണ്ട പോംവഴിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.