വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വെട്ടിലായി. മോദിയേയും ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും ചാലഞ്ചുമായി രംഗത്തുവന്നതോടെയാണ് പ്രധാനമന്ത്രി വെട്ടിലായത്.
മോദിയെ വെല്ലുവിളിച്ചുകൊണ്ട് വ്യത്യസ്തമായ പല ചലഞ്ചുകളും സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യോഗ്യത വിവരിക്കുന്ന പോസ്റ്റുകള്‍ നല്‍കിയാണ് ഇപ്പോള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും വലിയൊരു വിഭാഗം മോദിയെ വെല്ലുവിളിക്കുന്നത്. ‘ഡിഗ്രി ഫിറ്റ്ഹേചാലഞ്ച്’ എന്ന പേരില്‍ ആരംഭിച്ച ചാലഞ്ച് സോഷ്യല്‍ മീഡിയകളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫ്യൂവല്‍ ചലഞ്ചിനു വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായാണ് മോഡിയെ ഡിഗ്രി ഫിറ്റ്ഹെ ചലഞ്ചിനായി ക്ഷണിച്ചിരിക്കുന്നത്. തന്റെ ബിഎ, എംഎ, എംബിഎ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്താണ് സഞ്ജയ് ഝാ നരേന്ദ്രമോഡിയെ ചലഞ്ചിനു ക്ഷണിച്ചിരിക്കുന്നത്. കോഹ്ലിയുടെ ചലഞ്ച് ഏറ്റെടുത്തതുപോലെ ഈ ചലഞ്ചും ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനെന്നും സഞ്ജയ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ ഷെയര്‍ ചെയ്തുകൊണ്ട് മോദിയോട് അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് പോസ്റ്റു ചെയ്യാനാണ് സോഷ്യല്‍ മീഡിയ വെല്ലുവിളിക്കുന്നത്. മോദിയെ ചലഞ്ച് ചെയ്ത് മുന്നോട്ടുവരുന്നവരില്‍ മലയാളികളുമുണ്ട്. കോഹ്ലിയുടെ ചലഞ്ചിനോട് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ച മോദി ഇതുവരെ മറ്റ് യാതൊരു ചലഞ്ചുകളോടും പ്രതികരിച്ചിട്ടില്ല.
നേരത്തെ ക്രിക്കറ്റ് താരം വിരാട് കോഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേരാണ് മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.
Dear Mr Modi, @narendramodi , I am putting up my BA, MA and MBA degrees here . Are you ready for the #DegreeFitHaiChallenge ? I await your response with high expectations. pic.twitter.com/ygyC4KeWai
— Sanjay Jha (@JhaSanjay) May 24, 2018