കോട്ടയം: തെരുവ് നായ്ക്കൾ വഴിയാത്രക്കാരെ അക്രമിക്കുന്ന സംഭവങ്ങൾക്കിടയിൽ കോട്ടയത്ത് തെരുവ് നായയും സ്വകാര്യ ബസ് കണ്ടക്ടറും തമ്മിലുള്ള ചങ്ങാത്തം കൗതുകമാകുന്നു.
ബസ് വരാൻ കാത്തുനിൽക്കുന്ന നായയും കണ്ടക്ടറെ കാണുന്പോഴുള്ള നായയുടെ സ്നേഹപ്രകടനവുമൊക്കെ കാണേണ്ടതുതന്നെയാണ്. തിരുനക്കര ബസ് സ്റ്റാൻഡ് താവളമാക്കിയ നായയാണ് ഇവിടുത്തെ താരം.
രാവിലെ 6.30ന് ആദ്യ ട്രിപ്പെടുക്കാൻ കോട്ടയം-അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് തിരുനക്കര സ്റ്റാൻഡിൽ എത്തുന്പോൾ നായ അവിടെ കാത്തുനിൽക്കുന്നുണ്ടാകും.
കണ്ടക്ടർ കുടമാളൂർ സ്വദേശി രതീഷ് ബസിൽനിന്നിറങ്ങി വരുന്പോൾ നായ ഓടിച്ചെന്നു വാലാട്ടി ദേഹത്തേക്ക് ചാടിക്കയറും.
പിന്നെ രണ്ടു പേരും അടുത്ത കടയിലേക്ക്. ചായയും ബിസ്ക്കറ്റും വാങ്ങി നായ്ക്ക് കൊടുത്തിട്ടേ രതീഷ് ചായ കുടിക്കൂ.
നായ്ക്ക് അപ്പു എന്നാണ് രതീഷ് വിളിക്കുന്നത്. രതീഷ് ഉച്ചത്തിൽ സ്ഥലപേരുകൾ വിളിച്ച് യാത്രക്കാരെ കയറ്റുന്പോൾ നായ എവിടെയാണെങ്കിലും ഓടിയെത്തും.
തിങ്ങിനിറഞ്ഞ യാത്രക്കാർക്കിടയിലുടെ നടന്നു നീങ്ങുന്ന നായ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.