ഗോസിപ്പുകൾ ബോളിവുഡ് താരങ്ങൾക്കൊരു പുത്തരിയല്ല. സിനിമയിൽ വന്നു ശ്രദ്ധേയരായിക്കഴിഞ്ഞാൽ അപ്പോൾ തുടങ്ങും ഗോസിപ് പെരുമഴ.
സഹതാരങ്ങൾക്കൊപ്പം ഒന്നോ അതിൽക്കൂടുതലോ സിനിമകളിൽ അഭിനയിക്കുകയോ അവർക്കൊപ്പം പുറത്തുപോകുകയോ ചെയ്യുന്നതു പാപ്പരാസികളുടെ കണ്ണിൽപ്പെട്ടാൽ, കഴിഞ്ഞൂ കഥ.
ഇത്തരം ഗോസിപ്പുകളെയും വിമർശനങ്ങളെയും വളരെ കൂളായി നേരിട്ടിട്ടുള്ള താരങ്ങളാണ് രൺബീർ കപൂർ, ആലിയ ഭട്ട്, ടൈഗർ ഷെറോഫ്, ദിഷ പടാണി തുടങ്ങിയവർ.
എന്നാൽ, ഇക്കുറി ഇവർക്കെതിരെ ഇറങ്ങിയിരിക്കുന്നത് പാപ്പരാസികളല്ല, മറിച്ച് അവരുടെ ആരാധകരും സാധാരണക്കാരായ ജനങ്ങളുമാണ്. എന്താണെന്നല്ലേ?
മാലിദ്വീപിൽ
കോവിഡ് പ്രതിസന്ധിയിൽ രാജ്യമാകെ മുൾമുനയിൽ നിൽക്കുന്പോൾ റൺബീറും ആലിയ ഭട്ടും ടൈഗറും ദിഷാ പടാണിയും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയതാണ് വലിയ വിമർശനം ക്ഷിച്ചുവരുത്തിയിരിക്കുന്നത്.
അവിടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അവധി ആഘോഷിച്ചു തകർക്കുന്നു എന്നതിനേക്കാൾ ഈ ദുരന്തസമയത്ത് അതിന്റെ ചിത്രങ്ങൾ ഇസ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്ത് ആഘോഷിച്ചതാണ് കടുത്ത വിമർശനം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. താരങ്ങൾ തന്നെയാണ് മാലിദ്വീപിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
സ്വന്തം രാജ്യം മഹാമാരിയുടെ ചുഴലിക്കാറ്റിൽപ്പെട്ടുലയുന്പോൾ ഇവർ സുഖസൗകര്യങ്ങൾ തേടി നാട്ടിൽനിന്ന് ഒളിച്ചോടുകയാണ് ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
നാണമില്ലാത്തവരെന്നും സാമാന്യ മര്യാദ തൊട്ടുതീണ്ടാത്തവരെന്നും ആരാധകർ അവരെ വിളിച്ചു.
മാലിദ്വീപ് വിളിക്കുന്നു!
മുംബൈ വിമാനത്താവളത്തിൽനിന്ന് ആലിയയ്ക്കൊപ്പം നിൽക്കുന്ന ചിത്രത്തിനു താഴെ റൺബീർ കുറിച്ചത് മാലിദ്വീപ് വിളിക്കുന്നു എന്നായിരുന്നു.
ഇരുവരും യാത്രയ്ക്കു തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് കോവിഡ് മുക്തരായതെന്നു റിപ്പോർട്ടുകൾ പറയുന്നു.
ഇതു ടൂർ പോകാനുള്ള ധൃതിയാണോ അതോ പ്രശ്നങ്ങൾക്കു നേരെ മുഖം തിരിച്ചുള്ള ഓട്ടമാണോ എന്നും പലരും ചോദിക്കുന്നു.
പ്രാണവായു കിട്ടാതെ നാട്ടിലെ ജനങ്ങൾ നട്ടം തിരിയുന്പോൾ അവർ ടൂർ പോകാനുള്ള പെട്ടി ഒരുക്കുന്ന തിരക്കിലായിരുന്നു ഇവരെന്നു മറ്റു ചിലർ മാലിദ്വീപിലെത്തിയ റൺബീർ- ആലിയ താര ജോഡി സുഹൃത്തുക്കൾകൂടിയായ ടൈഗർ ഷെറോഫ്- ദിഷ പടാണി എന്നിവർക്കൊപ്പം ചേരുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഗ്ലാമറസ് ചിത്രങ്ങൾ
ആലിയ, റൺബിർ, ടൈഗർ എന്നിവർ യാത്രയ്ക്കിടയിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചപ്പോൾ ദിഷ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ വിവിധ സ്ഥലങ്ങളിലെ ഗ്ലാമറസ് ചിത്രങ്ങൾകൊണ്ടു നിറച്ചു. ഇതാണ് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കിയത്.
അതേസമയം, മാലിയിലേക്കു യാത്ര പോയപ്പോഴെന്ന പോലെ മടക്കയാത്രയിലും റൺബീർ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തു.
ഇതിനിടെ, ജനരോഷം രൂക്ഷമാണെന്നു തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല ആലിയ കോവിഡ് ഹെൽപ്ലൈൻ വിശദാംശങ്ങളും ടൈഗർ സുരക്ഷിതമായി ഇരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
എന്നാൽ, ഇതുകൊണ്ടും ജനങ്ങളുടെ രോഷമടങ്ങിയില്ല എന്നാണ് ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ചുവട്ടിൽ വന്നുകൊണ്ടിരിക്കുന്ന കമന്റുകൾ തെളിയിക്കുന്നത്.
ഈ മഹാമാരിയുടെ കാലത്തും താരങ്ങൾ അവരുടെ യഥാർഥ മുഖം കാണിച്ചു, നിങ്ങളെക്കുറിച്ചോർത്തു ലജ്ജിക്കുന്നു, ഈ യാത്ര അല്പം നീട്ടി വയ്ക്കാമായിരുന്നില്ലേ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്റുകളിൽ ചിലത്.
ഇന്ത്യയിൽനിന്നു പുറത്തേക്കു പോകുന്നവർക്കു നാട്ടിലേക്കു മടങ്ങിയെത്താൻ സാധിക്കില്ലെന്ന മുന്നറിയിപ്പ് കിട്ടിയതോടെ രണ്ടു ജോഡികളും വെക്കേഷൻ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു.