കൊച്ചി: ദന്ത ചികിത്സാമേഖലയിൽ പല്ലിൽ കന്പിയിടുന്ന സ്ഥാപനങ്ങളുടെ പേരിൽ വ്യാജന്മാർ വ്യാപകമെന്ന് ഈ രംഗത്തെ ഡോക്ടർമാരുടെ സംഘടനയായ കേരള ഓർത്തോഡോണ്ഡിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സൊസൈറ്റി.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി യോഗ്യതകളില്ലാതെ ചികിത്സിച്ചു രോഗികളെ ദുരിതത്തിലേക്കു തള്ളിവിടുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അംഗീകൃത ഓർത്തോഡോണ്ഡിസ്റ്റുകളുടെ (പല്ലിൽ കന്പിയിടുന്ന വിദഗ്ധർ) പട്ടിക സൊസൈറ്റിയുടെ www.keralaorthodontsti.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നൂറോളം പേരാണ് ഈ പട്ടികയിലുള്ളത്. എന്നാൽ ജില്ലയിൽ മാത്രം പല്ലിൽ കന്പിയിടുന്നതിനു 284 ഓളം അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
ബിഡിഎസ് പഠനത്തിനുശേഷം ഓർത്തോഡോണ്ഡിക്സിൽ മൂന്നു വർഷത്തെ എംഡിഎസ് എടുക്കുന്നവർക്കാണു പല്ലിൽ എടുത്തുമാറ്റാൻ കഴിയാത്ത കന്പിയിടുന്നതിന് അനുവാദമുള്ളത്. ഇവരുൾപ്പെട്ട ഓർത്തോഡോണ്ഡിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സൊസൈറ്റിയിൽ സംസ്ഥാനത്താകെ ആയിരത്തോളം പേരാണുള്ളത്.
മതിയായ പഠനമോ പരിശീലനമോ നടത്താത്തവർ പല്ലിൽ കന്പിയിടുകയും ചികിത്സിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. സൊസൈറ്റി ഭാരവാഹികളായ ഡോ. പുന്നൂർ ജോർജ്, ഡോ. പി.സി. സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.