നാദാപുരം: ചികിത്സക്കിടയിൽ കുതിരവട്ടത്ത് നിന്നും ചാടിപ്പോയ മാനസികരോഗി പതിനൊന്നു വർഷത്തിനു ശേഷം നാദാപുരത്ത് പിടിയിലായി. ബാലുശ്ശേരി കോക്കല്ലൂരിലെ വി.പി.ഹൗസിൽ മുഹമ്മദ് അബ്ദുൾ നാസർ (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പേരോട്ടെ ചാത്തോത്ത് അഷറഫിന്റെ വീട്ടിൽ എത്തിയ ഇയാൾ ബഹളമുണ്ടാക്കി.
വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നാദാപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവിടെയും അസഭ്യം പറഞ്ഞ് അക്രമത്തിന് മുതിർന്നു. പോലീസുകാർ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് ലോക്കപ്പിൽ ഇട്ടെങ്കിലും അതിനുള്ളിലും ഇയാൾ മലമൂത്ര വിസർജ്ജനം നടത്തി.
കുടിവെള്ള പൈപ്പുകളും ബക്കറ്റും അടിച്ചു തകർത്തു. പോലീസുകാർ ഭക്ഷണം നൽകിയെങ്കിലും കഴിച്ചില്ല. ഇന്നലെ രാവിലെ പുതിയ വസ്ത്രം ധരിപ്പിച്ച് ആംബുലൻസിൽ കോഴിക്കോട് എത്തിച്ച് സിജെഎം കോടതിയിൽ ഹാജരാക്കി.
കോടതി ഉത്തരവനുസരിച്ച് ഇയാളെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ഇയാൾ പതിനൊന്നു വർഷംമുമ്പ് ചാടിപ്പോയ ആളാണെന്ന് മനസിലാകുന്നത്. അന്ന് ഇയാൾക്ക് 36 വയസായിരുന്നു.
2007 നവംബർ 23 ന് ആശുപത്രി അധികൃതർ ഇയാളെ കാണാനില്ലെന്ന പരാതി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനുശേഷം വിവിധ ഇടങ്ങളിൽ അലഞ്ഞു തിരിയുന്നതിനിടയിലാണ് നാദാപുരത്ത് എത്തിയതെന്ന് കരുതുന്നു.