ചെറായി: ഫേസ്ബുക്കിൽ പെണ്‍കുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്വന്തം നഗ്നചിത്രം ഫേസ്ബുക്ക് സുഹൃത്തായ 21 കാരിക്ക് പോസ്റ്റ് ചെയ്ത യുവാവിനെ മുനന്പം പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായതോടെ വ്യാജ അക്കൗണ്ടിൽ പ്രതിയുടെ യഥാർഥ പ്രൊഫൈൽ ചിത്രവും ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നിൽ താനാണെന്നും ഇത് വ്യാജമാണെന്നും പറഞ്ഞ് മാപ്പ് ചോദിച്ച് പുതിയ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.
ഇതു മാത്രമല്ല തന്റെ അനുഭവം ഇതേ പോലെ സ്ത്രീകളെ ശല്യപ്പെടുത്തുന്നവർക്ക് ഒരു മുന്നറിയിപ്പും കൂടിയാകട്ടെ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ യുവാവ് കുറിച്ചിട്ടുണ്ട്. പള്ളിപ്പുറം കോണ്‍വന്റ് കടപ്പുറത്ത് പോട്ടാശേരി വിബിൻ 21 ആണ് അറസ്റ്റിലായത്. മുനന്പം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് ഐടി ആക്ട് അനുസരിച്ച് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഡലീന ഫാത്തിമ എന്ന പേരിലാണ് യുവാവ് പ്രൊഫൈൽ ഉണ്ടാക്കിയത്. വ്യാജ പ്രൊഫൈൽ ആണെന്ന് അറിയാതെ പെണ് പേരിൽ ഫ്രണ്ട് റിക്വസ്റ്റ് കണ്ടതിനെ തുടർന്നാണ് പെണ്‍കുട്ടി റിക്വസ്റ്റ് സ്വീകരിച്ചതും ഫ്രണ്ടായതും.
ഇതുപോലെ മറ്റു ചില സ്ത്രീകളും വ്യാജ പ്രൊഫൈൽ ആണെന്നറിയാതെ പ്രതിയുടെ ഫണ്ട് റിക്വസ്റ്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ ടി.വി. ഷിബുവാണ് പ്രതിയുടെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ് ചെയ്തു.