ന്യൂഡൽഹി: തലസ്ഥാനത്തെ ആറ് മാക്സ് ആശുപത്രികളിൽ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
ഇന്നലെ രാത്രി എട്ടിന് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനമുന്നയിച്ചു. ജനങ്ങളുടെ ജീവനെക്കുറിച്ച് സർക്കാരിനു ചിന്തയില്ലേ എന്നു കോടതി ചോദിച്ചു.
1400ലേറെ കോവിഡ് ബാധിതർ ചികിത്സയിലുള്ള മാക്സ് ആശുപത്രികളിൽ എത്രയും വേഗം പ്രാണവായു ലഭ്യമാക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിൻ സംഘി, രേഖാ പള്ളി എന്നിവരുടെ പരാമർശം.
ഇതൊരു ദേശീയ അടിയന്തരാവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. വ്യാവസായികാവശ്യത്തിനുള്ള ഓക്സിജൻ പൂർണമായും വകമാറ്റിയാണെങ്കിൽപ്പോലും രോഗികൾക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിഷയത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചെങ്കിലും കോടതിക്ക് അക്കാര്യത്തിൽ തൃപ്തിയായില്ല.
അതേസമയം തലസ്ഥാന നഗരം ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടലിൽ തുടരുകയാണ്.
ദുരന്തം ഒഴിവാക്കാൻ അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു.
മുൻനിര സ്വകാര്യ ആശുപത്രികളായ മാക്സ്, ഫോർട്ടിസ്, അപ്പോളോ, സർ ഗംഗാ റാം എന്നിവയാണ് നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്.
ഫരീദാബാദ് പ്ലാന്റിൽനിന്നാണ് ഡൽഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്.
എന്നാൽ ഹരിയാന സർക്കാർ സംസ്ഥാനത്തിനു പുറത്തേക്ക് ഓക്സിജൻ നൽകേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ വിതരണം നിലയ്ക്കുകയായിരുന്നു.