നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണം. ദിവസത്തില്‍ മൂന്ന് പ്രാവശ്യം വീതം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്ഥലങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നോട്ട് പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലരും ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് ആം ആദ്മി സര്‍ക്കാര്‍ ഈ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഡല്‍ഹിയില്‍ ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചിത്രം സഹിതം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ദരിദ്രര്‍ മരിക്കാതിരിക്കാനാണ് സൗജന്യ ഭക്ഷണം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.