ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി(എഎപി). മദ്യനയ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി 34 കോടി രൂപ നൽകിയെന്നു എഎപി മന്ത്രി അതിഷി ഇന്നു രാവിലെ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹൈദരാബാദ് കേന്ദ്രമായ അരബിന്ദോ ഫാർമയുടെ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോൾ മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റുകയായിരുന്നു.
ഇദ്ദേഹം നൽകിയ ഇലക്ടറൽ ബോണ്ട് വഴിയുള്ള മുഴുവൻ പണവും ബിജെപിയുടെ അക്കൗണ്ടിലേക്കാണു പോയത്. ആംആദ്മി പാർട്ടി നേതാക്കൾ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി.അതിനിടെ എഎപി ഡൽഹി നിയമസഭാംഗം ഗുലാബ് സിംഗ് യാദവിന്റെ വീട്ടിൽ ഇഡി സംഘം പരിശോധന തുടങ്ങി.\
കേജരിവാളിന്റെ ഭാര്യയെ പ്രചാരണത്തിനിറക്കും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ എഎപി തീരുമാനം. ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യസംരക്ഷണ പ്രതിജ്ഞ നടക്കും. ഡൽഹി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും.
പ്രധാനമന്ത്രിക്കെതിരേയുള്ള പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുക.
കേജരിവാളിന്റെ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാനും എഎപി ആലോചിക്കുന്നുണ്ട്. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജരിവാൾ ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണുള്ളത്.
അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും എഎപി ദേശീയ കൺവീനര്‍ സ്ഥാനവും രാജിവയ്ക്കില്ല. ജയിലിൽനിന്നു കാര്യങ്ങൾ നിയന്ത്രിക്കും. ഭരണനിർവഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണു വിവരം.
കേജരിവാളിന്റെ അറസ്റ്റിനെതിരേ ഇന്ത്യാ സഖ്യവും പ്രതിഷേധനീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 31ന് ഡൽഹിയിൽ ഇന്ത്യ സഖ്യം റാലി നടത്തും. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് റാലി. തെരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റും റെയ്ഡും നിരീക്ഷിക്കാൻ സമിതി വേണമെന്നും ഇന്ത്യസഖ്യം ആവശ്യപ്പെടുന്നു.
പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്താൻ ഭരണകക്ഷിയായ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും സഖ്യനേതാക്കൾ ആരോപിച്ചു. പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ടു പരാതി ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗിക സംവിധാനങ്ങളുടെ ധിക്കാരപരമായ ദുരുപയോഗം തടയാൻ കമ്മീഷൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
കവിതയ്ക്കൊപ്പമിരുത്തി കേജരിവാളിനെ ചോദ്യം ചെയ്യും
മദ്യനയക്കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയ്ക്കൊപ്പമിരുത്തി കേജരിവാളിനെ ഇഡി ഇന്നു ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ സിസിടിവി ഉള്ള മുറിയില്‍ വച്ചാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍. ചോദ്യംചെയ്യലിനുശേഷം കവിതയെ വീണ്ടും ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. ഇഡി വീണ്ടും കവിതയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ കേജരിവാളിനെതിരേ നിരവധി തെളിവുകളാണ് കസ്റ്റഡി അപേക്ഷയില്‍ ഇഡി നിരത്തുന്നത്.ഗൂഢാലോചനയുടെ കേന്ദ്രം കേജരിവാളിന്റെ വസതിയാണെന്നും മദ്യവ്യവസായി കേജരിവാളിനെ വീട്ടിലെത്തി കണ്ടുവെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. കേജരിവാളിന് നല്കാന് ബിആർഎസ് നേതാവ് കെ. കവിത 50 കോടി ആവശ്യപ്പെട്ടു.
ഇതിൽ 25 കോടി നല്കിയെന്നു ഇഡി പറയുന്നു. ഇഡിക്കു പിന്നാലെ സിബിഐയും കേജരിവാളിനെതിരേ കുരുക്കു മുറുക്കുന്നുണ്ട്.ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചാല്‍ സിബിഐ കസ്റ്റഡിയില്‍ എടുക്കുമെന്നാണു സൂചന.