ന്യൂഡൽഹി: ഡൽഹിയിൽ യുവതി കെട്ടിടത്തിന് മുകളിൽ നിന്നു വീണ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയെയും പോലീസ് പിടികൂടി.
ശനിയാഴ്ച രാവിലെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശിനിയായ 22കാരിയെയാണ് ഷാകുർപുരിനടുത്തുള്ള ചവറു കൂനയ്ക്കരികിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് ഷാകുർപൂരിലുള്ള കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് യുവതി നിലത്ത് വീഴുന്നതിന്റെയും, അതേ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പേർ യുവതിയെ എടുത്തു കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നാണ് ഇവരെ പിടികൂടിയത്.
ജോലി തേടി ജാർഖണ്ഡിൽ നിന്ന് ഡൽഹിയിലെത്തിയതാണ് യുവതി.ശമ്പളത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലക്നൗ – ആഗ്ര ഹൈവേയിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.