ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ പോലീസിനെ ഉപയോഗിച്ച് കര്‍ഷകരെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് കനയ്യ കുമാര്‍.
അതിർത്തിയിൽ വെടിയേൽക്കുന്നവരുടെ മക്കൾക്ക് നേരെയാണ് സർക്കാർ ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് കനയ്യ കുമാർ ട്വീറ്റ് ചെയ്തു.
“അതിർത്തിയിൽ വെടിയേൽക്കുന്നവരുടെ മക്കൾക്ക് നേരെയാണ് സർക്കാർ ജലപീരങ്കി പ്രയോഗിക്കുന്നത്. ആദ്യം തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കി. ഇപ്പോള്‍ അവരുടെ പുറത്ത് ലാത്തികൊണ്ടടിക്കുന്നു. എന്നിട്ടും ഇവര്‍ക്കൊന്നും ഒരു നാണക്കേടും തോന്നുന്നില്ല.’ കനയ്യ കുമാർ കുറിച്ചു.
നേരത്തെ കർഷകരെ തടഞ്ഞ പോലീസ് നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും രംഗത്തെത്തിയിരുന്നു. “കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളും കര്‍ഷക വിരുദ്ധമാണ്.
അവ പിന്‍വലിക്കുന്നതിന് പകരം സമാധാനമായി സമരം നടത്തുന്നതില്‍ നിന്നും കര്‍ഷകരെ തടയുകയാണ്. അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു. ഇത് വലിയ തെറ്റാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ളത് ഭരണ ഘടന നല്കുന്ന അവകാശമാണ്’. കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.