ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനിടെ ഹരിയാനാ, പഞ്ചാബ് അതിര്‍ത്തികളില്‍ വന്‍ സംഘര്‍ഷം. തുടക്കത്തില്‍ തന്നെ മാര്‍ച്ച് തടയാനായി പോലീസ് ശ്രമം. ഇതിനായി കര്‍ഷകരുടെ ട്രക്കുകള്‍ പിടിച്ചെടുത്തു. കാല് നടയായി എത്തിയ കര്‍ഷകരെയും കസ്റ്റഡിയില്‍ എടുത്തു.
അതിര്‍ത്തികളില്‍ മുള്ളുവേലിയും കോണ്ക്രീറ്റ്സ്ലാബും പോലീസ് നിരത്തി. ചിലയിടങ്ങളില്‍ കണ്ടെയ്നറുകളില്‍ മണല്‍ എത്തിച്ച് റോഡ് മാര്‍ഗം തടസപ്പെടുത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഹരിയാന പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് കണ്ണീര് വാതകപ്രയോഗം.
എന്നാല്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍. അതിര്‍ത്തികളിലേയ്ക്ക് കൂടുതല്‍ കര്‍ഷകര്‍ സംഘടിച്ചെത്തുകയാണ്. മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ് കര്‍ഷക മാര്‍ച്ച്.
രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 200ല്‍പരം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരത്തിനിറങ്ങിയത്.
വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം സ്വാമിനാഥന് കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്ഷന് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
കഴിഞ്ഞദിവസം, മാര്‍ച്ച് ഒഴിവാക്കാനായി കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി അവസാനവട്ട ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചുമണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ തെരുവിലേക്ക് ഇറങ്ങാന്‍ ഉറയ്ക്കുകയായിരുന്നു.