ന്യൂഡൽഹി: ഡൽഹിയിൽ പൂർണതോതിൽ ഓക്സിജൻ വിതരണം നടത്താതിരുന്ന കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
ഓക്സിജൻ അടിയന്തരമായി വിതരണം ചെയ്യണമെന്ന ഉത്തരവ് പാലിക്കാതെവന്നതാണ് ഡൽഹി ഹൈക്കോടതിയുടെ വിമർശനത്തിനു കാരണമായത്. ഡല്‍ഹിക്ക് അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്സിജനും അടിയന്തരമായി നല്‍കണമെന്നായിരുന്നു ഉത്തരവ്.
ഇക്കാര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
അടിയന്തരമായി 700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ നൽകാതെ വെറെ വഴിയില്ല. വിതരണം ചെയ്യുകയല്ലാതെ മറ്റൊന്നും സമ്മതിക്കില്ലെന്നും കോടതി പറഞ്ഞു.
“നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്’- ജസ്റ്റീസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.