ന്യൂഡൽഹി: സ്ത്രീയെ അവരുടെ അനുവാദമില്ലാതെ ആർക്കും തൊടുവാൻപോലും അവകാശമില്ലെന്ന് ഡൽഹി കോടതി. എന്നാൽ സ്ത്രീ വീണ്ടും ലൈംഗീക പീഡനത്തിനു ഇരയായിക്കൊണ്ടിരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക് അഞ്ചു വർഷം തടവ് ശിക്ഷയാണ് അഡീഷണൽ സെഷൻസ് ജഡ്ജി സീമ മൈയ്നി വിധിച്ചത്.
2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വടക്കൻ ഡൽഹിയിലെ മുഖർജി നഗറിൽ തിരക്കുള്ള മാർക്കറ്റിൽ പെൺകുട്ടിയുടെ ദേഹത്ത് പ്രതി മോശമായി സ്പർശിച്ചെന്നായിരുന്നു കേസ്.
സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അവൾക്ക് അതിൽ നിഷേധിക്കാനാവാത്ത അവകാശമാണുള്ളത്. എന്തിനുതന്നെയാണെങ്കിലും അവളുടെ അനുവാദമല്ലാതെ ശരീരത്തിൽ സ്പർശിക്കാൻപോലും മറ്റാർക്കും അവകാശമില്ല. സ്ത്രീയുടെ സ്വകാര്യതയ്ക്കുള്ള അവകാശം പുരുഷൻ അംഗീകരിച്ചുകൊടുക്കിന്നില്ല. ആലംബഹീനരായ സ്ത്രീകളെ അവൻ പീഡനത്തിനിരയാക്കികൊണ്ടിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതി 10,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിൽ 5,000 രൂപ പെൺകുട്ടിക്ക് നൽകണം. ഡൽഹി ലീഗൽ സർവീസ് അഥോറിറ്റി പെൺകുട്ടിക്ക് 50,000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു.