ഡല്‍ഹിയില്‍ വീണ്ടും ക്രൂര കൊലപാതകം. കാമുകിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാമുകന് മുറിയിലിട്ടു പൂട്ടി. ഡല്‍ഹി അശോക് നഗര്‍ സ്വദേശിനി കുമാരി (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശിയായ ഭോല എന്ന അര്ജുന് മുങ്ങി. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതാണ് കൊലപാതകത്തിന് കാരണം. വെള്ളിയാഴ്ചയായിരുന്നു സംഭവം.
അര്‍ജുനും കുമാരിയും പ്രണയത്തിലായിരുന്നു. എന്നാല്‍ കുമാരിക്ക് മറ്റൊരു വിവാഹാലോചന വീട്ടുകാര്‍ കൊണ്ടു വന്നത് മുതല്‍ അര്ജുന് അസ്വസ്ഥനായിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വഴക്ക് കൂടിയിരുന്നു. ഈ കാര്യം സംസാരിക്കാനായി വ്യാഴാഴ്ച കുമാരി അര്‍ജുന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
പെണ്‍കുട്ടിയെ കാണാതായ വീട്ടുകാര്‍ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് കഴുത്തറുത്ത നിലയില്‍ കുമാരിയെ കണ്ടത്.
അതേസമയം അര്ജുന് കുമാരിയെ കൂട്ടിക്കൊണ്ടു വന്നതാണോ അതോ കുമാരി സ്വമേധയാ ഇറങ്ങി പോയതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ യാദവ് പറഞ്ഞു. അര്‍ജുനെ തേടിയുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.