ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ തലയറുത്തു കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തിലെ പ്രതികളെ ചോദ്യംചെയ്തപ്പോൾ ചുരുളഴിഞ്ഞത് ഭീകരരുടെ വലിയ ആക്രമണപദ്ധതി.
ഇരുപതുവയസോളം പ്രായമുള്ള ഹിന്ദുയുവാവിനെ കഴുത്തറത്തു കൊന്നുവെന്ന കേസിൽ നൗഷാദ്, ജഗ്ജിത് എന്നിവരെയാണ് കഴിഞ്ഞ 12 ന് ഡൽഹി ജഹാംഗീർപുരിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഭീകരരുമായുള്ള ബന്ധവും അരുംകൊലയുടെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചുനൽകിയെന്നതും പ്രതികൾ സമ്മതിച്ചത്.
രാജ്യത്തെ സംഘപരിവാർ നേതാക്കളെ വധിക്കാനുള്ള ശേഷി ഭീകരപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന പാക്കിസ്ഥാനിലുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതുവയസോളം പ്രായമുള്ള യുവാവിന്റെ കൈ ഉൾപ്പെടെ ശരീരഭാഗങ്ങൾ അന്വേഷണസംഘം കണ്ടെത്തി.
കൈയിൽ ത്രിശൂലത്തിന്റെ ചിത്രം പച്ചകുത്തിയ നിലയിലാണ്. ഡിസംബർ 14നാണ് യുവാവിനെ നൗഷാദിന്റെ വസതിയിൽ കൊണ്ടുവന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തലയറത്തു.
ശരീരഭാഗങ്ങൾ എട്ടു കഷണങ്ങളാക്കി. 37 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സൊഹൈലിന് അയച്ചുനൽകുകയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാനിലെ ഹർക്കത്ത് അൽ അൻസാർ എന്ന ഭീകരസംഘടയിലെ സൊഹൈൽ എന്നയാളുടെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
ഇന്ത്യയിൽ ഖാലിസ്ഥാൻ വാദം ശക്തിപ്പെടുത്തുകയായിരുന്നു ജഗ്ജിത് സിംഗിന്റെ ദൗത്യം. ഖാലിസ്ഥാൻ ഭീകരൻ അർഷദീപ് ദല്ലയുമായി കാനഡയിൽവച്ച് ഇയാൾ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.