ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകനെയും കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചെങ്കിലും, കൊലയാളിയെയോ കൊലയാളിയെ സംബന്ധിച്ച സൂചനകളോ പോലീസിനു ലഭിച്ചിട്ടില്ല.
ജഹാംഗിർപുരി കെ ബ്ലോക്കിൽ താമസിക്കുന്ന പൂജ, മകൻ പന്ത്രണ്ടുകാരൻ ഹർഷിത് എന്നിവരാണു കൊല്ലപ്പെട്ടത്. അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പോലീസ് വീട് തുറന്നു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുത്തി കൊലപ്പെടുത്തുന്നതിനു മുന്പ് ഇരുവരെയും മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾ ജീർണിച്ചുതുടങ്ങിയിരുന്നു. രണ്ടോ മൂന്നോ ദിവസം മുന്പ് കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസ് പറയുന്നത്. പൂജയുടെ ഭർത്താവ് രണ്ടു വർഷം മുന്പ് മരിച്ചിരുന്നു. അയൽവാസികൾ പറഞ്ഞാണ് താൻ വിവരമറിഞ്ഞതെന്ന് പ്രദേശത്തു തന്നെ താമസിക്കുന്ന പൂജയുടെ അമ്മ അറിയിച്ചു.