ന്യൂഡൽഹി: കത്തിക്കുത്തേറ്റ് കുടൽമാല പുറത്തുചാടിയ മനുഷ്യൻ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആൾക്കൂട്ടം. മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നാണ്.
അയൽക്കാർ തമ്മിലുള്ള വഴക്ക് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചിട്ടും ഇടപെടാതെ മറ്റ് അയൽക്കാർ കാഴ്ചകാണുകയും ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഖൈലയിലായിരുന്നു സംഭവം. വീരു (40) എന്നയാൾക്കാണ് കുത്തേറ്റത്. വീരുവിന്റെ അയൽവാസി മുഹമ്മദ് ആസാദ് (41) ആണ് ആക്രമിച്ചത്. വീരുവിന്റെ ഭാര്യ സുനിത (35) കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. മകൻ ആകാശിന് (18) ഗുരുതരപരിക്കേറ്റു. ആകാശും വീരുവും അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്.
നിസാര കാര്യത്തിലാണ് വഴക്ക് ആരംഭിച്ചത്. ആസാദും വീരുവിന്റെ ഭാര്യ സുനിതയും തമ്മിൽ നാല് ദിവസം മുമ്പുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുനിതയുടെ മകൾ ബാൽക്കണിയിൽനിന്നും താഴേക്ക് ഇട്ട കുപ്പി റോഡിൽനിന്ന ആസാദിന്റെ ശരീരത്തിൽ വീണതാണ് സംഭവങ്ങൾക്കു തുടക്കം. ഇതേച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് ബുധനാഴ്ച രാത്രി 7.30ന് വീണ്ടും വഴക്കുണ്ടായി.
സുനിത ഭർത്താവിനോടും മകനോടും ഇക്കാര്യം പറയുകയും ഇവർ ആസാദിനെ ചോദ്യം ചെയ്യാൻ ഒരുങ്ങിയതുമാണ് വീണ്ടും തമ്മിത്തല്ലിന് വഴിയൊരുക്കിയത്. വീരുവിനെയും മകനെയും ആക്രമിക്കാൻ ആസാദ് കത്തിയുമായാണ് വീടിനു പുറത്തെത്തിയത്.
ആദ്യം ആകാശിനെയാണ് ആസാദ് കുത്തിയത്. ഇത് തടുക്കാനെത്തിയ വീരുവിനെയും സുനിതയേയും ആസാദ് കുത്തി. ഇവർ വീണതോടെ രക്തംപുരണ്ട കത്തിയുമായി ആസാദ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വീഡിയോ ചിത്രീകരിച്ച അയൽക്കാർ ഇത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.