ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി വൻ വിജയം ഉറപ്പിച്ചതോടെ ഇന്ത്യാ സഖ്യത്തിനെതിരേ, പ്രത്യേകിച്ച് കോൺഗ്രസിനെയും ആംആദ്മിയെയും രൂക്ഷമായി വിമർശിച്ച് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സോഷ്യൽ മീഡിയയിലൂടെയാണ് ഒമർ തന്റെ വിമർശനം നടത്തിയത്.
“ഔർ ലഡോ’ (കുറച്ചുകൂടി പോരാടുക) എന്നാണ് ഒമറിന്റെ പ്രതികരണം. “കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസിനു തൃപ്തിയാകും വരെ പോരാടുക. പരസ്പരം അവസാനിപ്പിക്കുക’- എന്നാണ് കുറിച്ചത്. അടിവരയിട്ട കുറിപ്പായിരുന്നു ജമ്മു കാഷ്മീർ മുഖ്യമന്ത്രി പങ്കുവച്ചത്.
ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസും ആംആദ്മിയും നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇരു പാർട്ടികളിലെയും നേതാക്കൾ പരസ്പരം ആക്രമിക്കുന്നതു പതിവാകുകയും ചെയ്തു. ബിജെപിയുടെ “ബി-ടീം’ ആണെന്ന ആരോപണവും ഉയർന്നിരുന്നു.