ന്യൂഡൽഹി: ഡൽഹിയിൽ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹിയിൽ ഹാട്രിക്ക് തികയ്ക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ആം ആദ്മി വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്നാണ് പുറത്തുവന്നിരിക്കുന്ന എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കം ദേശീയ നേതാക്കൾ അവസാനവട്ടം കളത്തിലിറങ്ങിയിട്ടും ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ പറയുന്നു.
എന്നാൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്ന് എക്സിറ്റ് പോൾ അടിവരയിടുന്നു.
മറ്റ് പാർട്ടികൾ ഡൽഹിയിൽ അപ്രസക്തമെന്നും എക്സിറ്റ് പോൾ പറയുന്നു. സ്വതന്ത്രരടക്കം മറ്റുള്ളവർക്ക് ഒരു സീറ്റുപോലും ആരും പ്രവചിക്കുന്നില്ല.
ടൈംസ് നൗ-ഇപ്സോസ് എക്സിറ്റ് പോൾ പ്രവചനത്തിൽ എഎപി 41 മുതൽ 45 സീറ്റുവരെ നേടുമെന്ന് പറയുന്നു. ബിജെപിക്ക് 24 മുതൽ 28 സീറ്റുവരെയാണ് ടൈംസ് നൗ പ്രവചിക്കുന്നത്. കോൺഗ്രസിന് ഒന്നോരണ്ടോ സീറ്റാണ് ടൈംസ് എക്സിറ്റ് പോൾ പ്രതീക്ഷിക്കുന്നത്.
എബിപി ന്യൂസ്-സി വോട്ടറും എഎപിക്ക് അനുകൂല പ്രവചനമാണ് നടത്തിയിരിക്കുന്നത്. കേജരിവാൾ പാർട്ടിക്ക് 49 മുതൽ 63 സീറ്റുകൾ വരെയും ബിജെപിക്ക് അഞ്ച് മുതൽ 19 സീറ്റുകൾ വരെയും കോൺഗ്രസിന് പൂജ്യം മുതൽ നാല് സീറ്റുകൾ വരെയുമാണ് എബിപി ന്യൂസ് പ്രവചിക്കുന്നത്.
റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ പ്രവചനവും ഡൽഹി തുടർച്ചയായ മൂന്നാംവട്ടവും കേജരിവാൾ ഭരിക്കുമെന്നാണ്. എഎപിക്ക് 48 മുതൽ 61 സീറ്റുകൾ വരെയും ബിജെപിക്ക് ഒൻപത് മുതൽ 21 സീറ്റുകൾ വരെയും കോൺഗ്രസിന് പരമാവധി ഒരു സീറ്റുമാണ് റിപ്പബ്ലിക് ടിവി നൽകിയിരിക്കുന്നത്.
എഎപിക്ക് 53 മുതല്‍ 57 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍. ബിജെപി 11 മുതല്‍ 17 സീറ്റും കോണ്‍ഗ്രസ് 0–2 വരെ നേടുമെന്നും പ്രവചനം.