കൊച്ചി: ഡൽഹിയിലെ തിരക്കേറിയ വാണിജ്യകേന്ദ്രമായ കരോൾ ബാഗിൽ ഹോട്ടലിനു തീപിടിച്ചുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളായ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ 8.15ന് എയർ ഇന്ത്യാ വിമാനത്തിൽ നെടുന്പാശേരിയയിലെത്തിച്ച മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം 8.35 ഓടെ ചേരാനല്ലൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി.
മൂവരുടെയും സംസ്കാരം ഇന്ന് നടക്കും. 17 പേർ മരിച്ച അപകടത്തിൽ എറണാകുളം ചേരാനല്ലൂർ രാമൻകർത്താ റോഡിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ നളിനിയമ്മ (84), മക്കളായ പി.സി. വിദ്യാസാഗർ (59), പി.സി. ജയശ്രീ (53) എന്നിവരാണ് മരിച്ച മലയാളികൾ. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളായ 10 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവരിൽ രണ്ടുപേർ മാത്രമാണ് ഇന്നു രാവിലെ കൊച്ചിയിൽ എത്തിച്ചേർന്നിട്ടുള്ളത്.
ഉച്ചയോടെ ബന്ധുക്കൾ മുഴുവൻപേരും ഡൽഹിയിൽനിന്ന് എത്തിയശേഷമാകും സംസ്കാര ചടങ്ങുകൾ ആരംഭിക്കുക. നെടുന്പാശേരിയിൽനിന്നും ചേരാനല്ലൂരിലെ തറവാട് വീട്ടിൽ എത്തിച്ച മൃതദേഹങ്ങളിൽ അന്ത്യജ്ഞലി അർപ്പിക്കുവാനായി സമീപവാസികളും ബന്ധുക്കളും അടക്കം വൻ ജനാവലിയാണു എത്തിച്ചേർന്നത്.
നളിനിയമ്മയുടെയും വിദ്യാസാഗറിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തും. തുടർന്നു ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലേക്കു കൊണ്ടുപോകും. ചോറ്റാനിക്കര കണയന്നൂർ പഴങ്ങനാട് ഉണ്ണികൃഷ്ണന്റെ (അബുദാബി) ഭാര്യയാണ് ജയശ്രീ. ഇന്നലെ പുലർച്ചെ നാലോടെയാണു തീപിടിത്തം ഉണ്ടായത്. നളിനിയമ്മയുടെ ഇളയസഹോദരിയുടെ കൊച്ചുമകളുടെ കല്യാണത്തിൽ പങ്കെടുക്കാനായി എറണാകുളത്തുനിന്നു യാത്ര തിരിച്ചവരാണ് അപകടത്തിൽപ്പെട്ട മലയാളികൾ.
അടുത്ത ബന്ധുക്കളായ 14 പേർ ഇവരുടെ സംഘത്തിലുണ്ടായിരുന്നു. തീപിടിത്ത സമയത്തു ഹോട്ടലിലുണ്ടായിരുന്ന ഈ സംഘത്തിലെ 13 പേരിൽ മറ്റുള്ളവർ രക്ഷപ്പെട്ടു. കഴിഞ്ഞ ഏഴിനാണു സംഘം കൊച്ചിയിൽനിന്നു വിമാനമാർഗം യാത്രതിരിച്ചത്. ഗാസിയാബാദിൽ കഴിഞ്ഞ എട്ടിനായിരുന്നു കല്യാണം.
17നു തിരികെ മടങ്ങാനായിരുന്നു തീരുമാനം. വിവാഹത്തിൽ പങ്കെടുത്തശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ നേരത്തേതന്നെ തീരുമാനിച്ചിരുന്ന സംഘം കഴിഞ്ഞ തിങ്കളാഴച താജ്മഹൽ സന്ദർശിച്ചിരുന്നു. തുടർന്നു ഡൽഹിയിൽ തങ്ങിയ സംഘം ഇന്നലെ പുലർച്ചെ ഹരിദ്വാറിലേക്കു പോകാനിരിക്കേയായിരുന്നു അപകടം.
നളിനിയമ്മയുടെ മറ്റു മക്കളായ സോമശേഖരൻ, സുധ, മരിച്ച വിദ്യാസാഗറിന്റെ ഭാര്യ മാധുരി, ഇവരുടെ മകൻ വിഷ്ണു, സോമശേഖരന്റെ ഭാര്യ ബീന, സുധയുടെ ഭർത്താവ് സുരേന്ദ്രൻ, മരിച്ച ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരീശങ്കർ, നളിനിയമ്മയുടെ മൂത്തസഹോദരിയുടെ മകളും ആലുവ സ്വദേശിയുമായ സരസ്വതി, ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
ചേരാനല്ലൂർ രാമൻകർത്താ റോഡിൽ ഏതാനും മീറ്ററുകൾക്കുള്ളിലാണു നളിനി അമ്മയുടെയും മൂന്നു മക്കളുടെയും കുടുംബം. ഇതിൽ മൂത്തമകൻ പരേതനായ ശശിധരന്റെ കുടുംബംമാത്രമാണ് ഡൽഹിക്കു തിരിക്കാതെ നാട്ടിൽ തങ്ങിയത്. മകൾ സുധയോടൊപ്പം തറവാട് വീട്ടിലാണ് നളിനി അമ്മ താമസിച്ചുവന്നിരുന്നത്.
ഇതിനു സമീപംതന്നെയാണു വിദ്യാസാഗറിന്റെ വീട്. ഇവിടെനിന്ന് ഏതാനും മീറ്ററുകൾമാത്രം അകലെയാണ് സോമശേഖരന്റെയും ശശിധരന്റെയും കുടുംബങ്ങൾ താമസിച്ചുവരുന്നത്. സന്തോഷം അലതല്ലേണ്ട വീടുകളിൽ കണ്ണീർ തുള്ളികൾ വീണതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും അയൽവാസികളും. ഹൈബി ഈഡൻ എംഎൽഎ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങി നിരവധിപേർ രാവിലെ ചേരാനല്ലുരിലെത്തി അന്ത്യാജ്ഞലി അർപ്പിച്ചു.
സന്തോഷം അലതല്ലേണ്ട വീടുകളിൽ കണ്ണീർക്കടൽ
സ്വന്തം ലേഖകൻ
കൊച്ചി: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിക്കു യാത്ര തിരിച്ച പനേലിൽ കുടുംബാംഗങ്ങളുടെ വീടുകൾ ഇന്ന് കണ്ണീർക്കടലായി മാറിയിരിക്കുന്നു. ഡൽഹിയിലെ വിവാഹവും തുടർന്നുള്ള യാത്രയും ആഘോഷമാക്കുന്നതിനിടെ ദുരിതം എത്തിയത് ബന്ധുക്കളെയും സമീപവാസികളെയും ഒരുപോലെ വേദനിപ്പിച്ചു.
ഏറെ സന്തോഷത്തോടെയാണ് കുടുംബം ഡൽഹിക്ക് പോയതെന്ന് അയൽവാസികൾ ഓർമിക്കുന്നു. യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ചില അയൽവാസികളെ അറിയിച്ചിരുന്നു. വിദ്യാസാഗറും നളിനിയമ്മയും പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും അമ്മയെകൂടി യാത്രയിൽ കൂട്ടുന്നുവെന്നും വിവാഹത്തിനും യാത്രയ്ക്കുംശേഷം 17ന് തിരിച്ചെത്തുമെന്നും അയൽവാസികളോട് പങ്കുവച്ചിരുന്നു.
വിശേഷങ്ങളും ഫോട്ടോകളും പനേലിൽ കുടുംബാംഗങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളും അയൽവാസികളും അറിയുന്നുണ്ടായിരുന്നു. 25 വർഷമായി കുവൈത്തിലായിരുന്നു വിദ്യാസാഗർ. ആറുമാസംമുന്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ജയശ്രീ ഒഴികെ നളിനിയമ്മയുടെ ബാക്കി മക്കളെല്ലാം അടുത്തടുത്താണ് താമസം.
വളരെ സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്ന കുടുംബാംഗങ്ങൾ ഒരുമിച്ച് ഇടയ്ക്കിടെ യാത്ര നടത്താറുണ്ടെന്നും സമീപവാസികൾ ഓർക്കുന്നു. എന്നാൽ ഡൽഹി യാത്ര ഇവരുടെ ജീവിതത്തിന്റെ കറുത്ത ഏടുകളാകുമെന്നത് സ്വപ്നേപി ഇവരാരും നിരൂപിച്ചില്ല. നളിനിയമ്മ താമസിച്ചുവന്നിരുന്ന തറവാട് വീട്ടിലേക്ക് ഇന്ന് രാവിലെ ചേതനയറ്റ ശരീരങ്ങൾ എത്തിച്ചപ്പോൾ ബന്ധുക്കളുടെയും സമീപവാസികളുടെയും കണ്ണുകളിൽ ഈറനണിഞ്ഞത് കണ്ടുനിന്നവരെയും ദുഖത്തിലാഴ്ത്തി.