ബസ്സിനുള്ളില്‍ വെച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്റെ വീഡിയോ പുറത്തു വിട്ട് വിദ്യാര്‍ത്ഥിനി. ശല്യപ്പെടുത്തുകയും ശാരീരികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫെബ്രുവരി ഏഴിന് വസന്ത് വില്ലേജില്‍ നിന്ന് ഐഐടി ഗേറ്റിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയാണ് മധ്യവയസ്കന് ശല്യപ്പെടുത്തിയത്. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചെങ്കിലും സഹയാത്രികര്‍ ആരും ശ്രദ്ധിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോളജില്‍ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദുരനുഭവം ഉണ്ടായത്. പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നതിനിടെ സീറ്റ് അസാധാരണമായി കുലുങ്ങുന്നതു മനസ്സിലാക്കി നോക്കിയപ്പോഴാണ് മധ്യവയസ്കന് സ്വയംഭോഗം ചെയ്യുന്നതായി കണ്ടത്. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചതോടെയാണ് വീഡിയോ എടുത്തത്.
അയാള്‍ മദ്യപിച്ചിരുന്നു. എതിര്‍ത്തിട്ടും 10 മിനിറ്റോളം ഇത് തുടര്‍ന്നു. എന്നിട്ടും മറ്റുള്ളവരാരും പ്രതികരിക്കാതിരുന്നതാണ് കൂടുതല്‍ വേദനിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഡല്‍ഹി ഐഐടിക്ക് സമീപമുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ അയാള്‍ ഇറങ്ങിപോവുകയും ചെയ്തു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ പരാതിപ്പെടാനുള്ള പിന്തുണ നല്‍കുകയായിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഡല്‍ഹി പോലീസ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.