കൊച്ചി: ഡൽഹി കരോൾ ബാഗിലെ അർപ്പിത് പാലസിലുണ്ടായ തീപിടിത്തത്തിൽ ഉൾപ്പെട്ടത് തങ്ങളുടെ നാട്ടുകാരാണെന്ന വാർത്തകളിൽ ഞെട്ടൽ വിട്ടുമാറാതെ ചേരാനല്ലൂർ, ചോറ്റാനിക്കര നിവാസികൾ. വിവാഹ ആവശ്യങ്ങൾക്കായി ഡൽഹിക്കു പുറപ്പെട്ട സംഘത്തിൽ ഉൾപ്പെട്ട സംഘത്തെ സംബന്ധിച്ച് ശുഭ വാർത്തകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു സമീപവാസികളും നാട്ടുകാരും.
നാല് ദിവസംമുന്പ് യാത്ര തിരിച്ച സംഘത്തിൽ ചേരാനല്ലൂർ നടുവിലപ്പള്ളിക്കു സമീപം പനേലിൽ വീട്ടിൽ നളിനിയമ്മയെയും മക്കളായ വിദ്യാസാഗറും (60), ജയശ്രീയും (ജയ-53) ഉൾപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിൽ ജയശ്രീയുടെ മരണം സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്പോഴും സ്ഥിരീകരിക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ്് പോലീസും നാട്ടുകാരും പറയുന്നത്.
ചോറ്റാനിക്കര കണയന്നൂർ പഴങ്ങനാട് (കളപ്പുരയ്ക്കൽ) ഉണ്ണികൃഷ്ണന്റെ ഭാര്യയാണു ജയശ്രീ. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ആദ്യസമയങ്ങളിൽ സംഘത്തിലെ മറ്റുള്ളവർ സുരക്ഷിതരെന്ന് വ്യക്തമായിരുന്നപ്പോഴും മൂവരെയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിരുന്നില്ല. അപകട വാർത്ത പുറത്തുവന്നതോടെ കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിലും കുടുംബാങ്ങളെത്തേടി അന്വേഷണം ആരംഭിച്ചിരുന്നു.
വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘം ഡൽഹിക്കുപോയിരുന്നതായി മാത്രമാണ് ആദ്യഘട്ട പരിശോധനകളിൽ പോലീസിനും ലഭ്യമായ വിവരങ്ങൾ. ഇത് സംബന്ധിച്ച് സ്ഥീരീകരണത്തിനും കൂടുതൽ വിവരങ്ങൾക്കുമായി ചേരാനല്ലൂർ എസ്ഐ ഉൾപ്പെടെയുള്ള സംഘം ചേരാനല്ലൂർ ഭാഗത്ത് രാവിലെ മുതൽക്കേ അന്വേഷണം ആരംഭിച്ചിരുന്നു.