ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്.
ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ രാവിലെ അറിയിച്ചു.
ഏതാനും മണിക്കൂറുകൾക്കൂടി നൽകാനുള്ള പ്രാണവായു മാത്രമേ ആശുപത്രിയിലുള്ളൂ എന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു.
ഉച്ചയ്ക്ക് മുന്‍പുതന്നെ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗങ്ങൾ വിളിച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി സംസാരിക്കും. രാജ്യത്തെ മുൻനിര ഓക്സിജൻ നിർമാതാക്കളുമായി ഉച്ചയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഓക്സിജൻ വിതരണം ചെയ്യാൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാമെന്ന് റഷ്യയും ചൈനയും അറിയിച്ചു. റഷ്യയിൽനിന്ന് കപ്പൽമാർഗം 50000 മെട്രിക് ടണ്‍ ഓക്സിജൻ എത്തിക്കാൻ ധാരണയായിട്ടുണ്ട്.