ന്യൂഡൽഹി: തീവയ്പും കൊള്ളയും നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ 85 വയസുള്ള വയോധികയും കൊല്ലപ്പെട്ടു. ഇവരെ കലാപകാരികൾ തീവച്ചുകൊല്ലുകയായിരുന്നു. ചൊവ്വാഴ്ച ഖജൂരി ഖാസിനു സമീപം ഗാമ്രി എക്സ്റ്റെൻഷനിലായിരുന്നു സംഭവം. വസ്ത്ര വ്യാപാരിയായ മുഹമ്മദ് സയീദ് സൽമാനിയുടെ മാതാവ് അക്ബാരിയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് അക്രമികൾ സൽമാനിയുടെ വീട്ടിൽ ഇരച്ചുകയറിയത്. ഈ സമയം പാൽവാങ്ങാനായി സൽമാനി പുറത്തായിരുന്നു. ഇളയമകനാണ് അക്രമികൾ വീട്ടിൽ കയറിയ വിവരം സൽമാനിയെ അറിയിക്കുന്നത്.
മകൻ വിവരം അറിയിച്ചതിനെ തുടർന്ന് വേഗത്തിലെത്തിയ സൽമാനികാണുന്നത് പ്രദേശത്തെ വീടുകളും കടകളും നിന്നുകത്തുന്നതാണ്. സൽമാനിയുടെ നാല് നില വീടും അക്രമികൾ കത്തിച്ചു.
വീട്ടുകാർ എല്ലാവരും വീടിന്റെ മുകൾ നിലയിൽ അഭയം തേടിയതിനാൽ രക്ഷപെട്ടു. എന്നാൽ വയോധികയായ അക്ബാരിക്ക് മുകളിലേയ്ക്കു പോകാനായില്ല. ഇവർ ഇവരുടെ മുറിക്കുള്ളിൽ അകപ്പെട്ടു. ആളിക്കത്തിയ തീ അക്ബാരിയേയും വിഴുങ്ങി.
പത്തു മണിക്കൂറിനു ശേഷം ഫയർഫോഴ്സെത്തി തീയണച്ചതിനു ശേഷമാണ് അക്ബാരിയുടെ മൃതദേഹം പുറത്തെടുത്തത്. വീടിന്റെ ഒന്നാം നിലയിൽ തയ്യൽ കടയാണ് പ്രവർത്തിക്കുന്നത്. ഇതിനും അക്രമികൾ തീയിട്ടു. വീട് കൊള്ളയടിക്കുകയും ചെയ്തു. എട്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളും കലാപകാരികൾ കൊള്ളയടിച്ചെന്നും സൽമാനി പറഞ്ഞു.